ഘടകകക്ഷിനേതാക്കള്‍ ഹൈക്കമാണ്ടിനെ കാണും
കോഴിക്കോട്: ഐക്യമുന്നണിയിലെ ഘടക കക്ഷികള്‍ കോണ്‍ഗ്രസ് ഹൈകമാണ്ടിനെ കാണാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് ആവശ്യപ്പെടുകയാണ് ഉദ്ദേശം.
മുസ്ലിം ലീഗാണ് ഇതിന് നേതൃത്ത്വം നല്‍കുന്നത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഐക്യമുന്നണിയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിയ്ക്കുകയാണ്. അതുകൊണ്ട് പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചേ പറ്റൂ എന്നാണ് മിയ്ക്ക ഘടക കക്ഷികളുടേയും അഭിപ്രായം.
മുസ്ലിംലീഗ് നേതാക്കളായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.അഹമ്മദ് എം.പിയും ഘടകകക്ഷിനേതാക്കളുമായി അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു. നവംബര്‍ അഞ്ച് ബുധനാഴ്ച ഐക്യമുന്നണിയിലെ ഘടകകക്ഷിനേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
കെ.കരുണാകരനെ അകറ്റിനിര്‍ത്തിക്കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല. ആ വഴിക്കുപോയാല്‍ ഐക്യമുന്നണി ദുര്‍ബലമായിത്തീരുമെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്. പ്രതിസന്ധി നീട്ടിക്കൊണ്ടു പോകരുതെന്ന ആവശ്യവും ഘടകകക്ഷികള്‍ ഉന്നയിക്കുന്നു. നേതൃത്വമാറ്റത്തില്‍ കരുണാകരന്‍ നിര്‍ബന്ധം പിടിക്കുകയാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒന്നിച്ചുപോകാന്‍ സ്വീകാര്യനായ നേതാവിനെ ഹൈക്കമാണ്ട് കണ്ടെത്തണം. അതെല്ലാം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നതില്‍ ഘടകകക്ഷികള്‍ക്ക് അഭിപ്രായവ്യത്യാസമില്ല.
ബുധനാഴ്ച ചേരുന്ന നേതാക്കളുടെ യോഗത്തിനുശേഷം ഘടകകക്ഷികളുടെ സംയുക്തനീക്കം പ്രഖ്യാപിക്കും.












Click it and Unblock the Notifications