കേരള രാഷ്ട്രീയത്തില്‍ സമൂലമാറ്റമുണ്ടാവണം
പത്തനംതിട്ട: സംസ്ഥാന രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം വരേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിരോധത്തില്‍ ഉണ്ടാക്കിയിരിക്കുന്ന എല്‍ഡിഎഫിനും സിപിഎം വിരോധത്തില്‍ ഉണ്ടാക്കിയിരിക്കുന്ന യുഡിഎഫിനും അവയുടെ രാഷ്ട്രീയ അടിത്തറ നഷ്ടമായിരിക്കുകയാണ്. ഇരുവിഭാഗത്തിന്റെയും ദേശീയ നേതൃത്വങ്ങള്‍ സൗഹൃദത്തിലാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്.
സംസ്ഥാനത്തെ കോണ്‍ഗ്രസിനകത്ത പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. കേരളത്തില്‍ നേതൃമാറ്റം നടത്തുന്നതിന് സോണിയാഗാന്ധിക്ക് താത്പര്യമില്ല. സോണിയയുടെ താത്പര്യങ്ങള്‍ക്കെതിരായി സുര്‍ജിത് ഒന്നും ചെയ്യില്ല.
ആന്റണി, കരുണാകരവിഭാഗങ്ങള്‍ തമ്മില്‍ നടത്തുന്ന വാക്പയറ്റ് രാഷ്ട്രീയക്കളി മാത്രമാണ്. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി വളരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുഴുവന്‍ സമയും ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ മുഴുകിയിരിക്കുന്ന മന്ത്രിമാര്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ മറക്കുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേന്ദ്രത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ ബാധിച്ചിട്ടുണ്ടെന്ന് രാജഗോപാല്‍ കുറ്റപ്പെടുത്തി.


Click it and Unblock the Notifications