പ്രശ്നപരിഹാരത്തിന് സോണിയ ഇടപെടണമെന്ന് ലീഗ്
മലപ്പുറം: യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഇടപെടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
ടെലഫോണ്‍ സംഭാഷണത്തിലാണ് സോണിയയോട് സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചത്. പ്രശ്നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് സോണിയ ഉറപ്പുതന്നതായി ടെലഫോണ്‍ സംഭാഷണത്തിന് ശേഷം തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദും സോണിയയുമായി സംഭാഷണം നടത്തി. തിരുവനന്തപുരത്ത് യുഡിഎഫിലെ വിവിധ കക്ഷികളുടെ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ അഹമ്മദ് തങ്ങളെ അറിയിച്ചതിനെ തുടര്‍ന്നാണ് സോണിയയുമായി ടെലഫോണില്‍ സംസാരിച്ചത്.
സംസ്ഥാനതലത്തില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ കുറഞ്ഞുവരികയാണെന്ന് അഹമ്മദ് തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി. നേതൃമാറ്റം സംബന്ധിച്ച വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും തങ്ങളെ അറിയിച്ചു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടണമെന്ന് തങ്ങള്‍ സോണിയയോട് ടെലഫോണില്‍ അഭ്യര്‍ഥിക്കുകയായിരുന്നു.












Click it and Unblock the Notifications