വൈപ്പിന്‍ ദ്വീപുകള്‍ക്ക് നല്ലകാലം വരുന്നു
കൊച്ചി: മുളവ്കാട്, വൈപ്പിന്‍, വല്ലാര്‍പാടം ദ്വീപുകളെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തുറന്നുകൊടുക്കുന്നതോടെ ഈ ദ്വീപുകളില്‍ വികസനത്തിന്റെ പുതിയ കാല്‍വയ്പുണ്ടാവും.
2004 മാര്‍ച്ചോടെയാണ് പാലങ്ങള്‍ തുറന്നുകൊടുക്കുന്നത്. ദ്വീപ് നിവാസികള്‍ക്ക് ഈ പാലങ്ങളിലൂടെ രണ്ട് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ എറണാകുളത്തെത്താനാവും. വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ദ്വീപുകളിലെ ആയിരങ്ങള്‍ക്ക് ജോലി ലഭിക്കും.
വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, പുതുവൈപ്പിന്‍ എല്‍എന്‍ജി റിഗ്യാസിഫിക്കേഷന്‍ ടെര്‍മിനല്‍, പുതുവൈപ്പിന്‍ ഇന്റര്‍നാഷണല്‍ ബങ്കറിംഗ് ടെര്‍മിനല്‍, കപ്പല്‍ അറ്റക്കുറ്റപ്പണി നടത്തുന്നതിനുള്ള പദ്ധതി, വല്ലാര്‍പ്പാടം അന്തര്‍ദേശീയ ക്രൂയിസ് ടെര്‍മിനല്‍, വല്ലാര്‍പ്പാടത്തും പുതുവൈപ്പിനിലുമായി സ്പെഷന്‍ ഇകണോമിക് സോണ്‍ എന്നിവ നടപ്പിലാക്കാനുള്ള പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ഈ പദ്ധതികളെല്ലാം നാല്വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാല്‍ ദ്വീപുകളുടെ മുഖഛായ തന്നെ മാറും. ജനറല്‍ ആശുപത്രിയിലെ രണ്ട് ബ്ലോക്കുകള്‍ ദ്വീപുകളിലേക്ക് ഉടന്‍ മാറ്റാനും പദ്ധതിയുണ്ട്. ഹൈക്കോടതി റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ് ദ്വീപുകളിലേക്ക് മാറ്റുന്നതും അധികൃതര്‍ പരിഗണിച്ചുവരികയാണ്. ചില ഓഫീസുകളും ദ്വീപുകളിലേക്ക് മാറ്റാന്‍ ജിസിഡിഎക്ക് ആലോചനയുണ്ട്.












Click it and Unblock the Notifications