കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാക്കിട്ടുപിടുത്തം, മാര്‍ക്സിസ്റ് പാര്‍ട്ടി കനത്തവില നല്‍കേണ്ടിവരും: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഐക്യമുന്നണി സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിയ്ക്കുന്ന മാര്‍ക്സിസ്റ് പാര്‍ട്ടി ഇതിന് വില നല്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

ചാക്കിട്ടുപിടിക്കല്‍ ശ്രമത്തിന് സി പി എമ്മിന് ദേശീയ തലത്തിലും കനത്ത വില നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി മുന്നറിയിപ്പ് നല്‍കി.

വെറും 40 എംഎല്‍എമാരുടെ പിന്തുണയുള്ള ഇടതുപക്ഷം ചാക്കിടുപിടിക്കാതെ എങ്ങനെ ബദല്‍മന്ത്രിസഭയ്ക്കുള്ള പിന്തുണയുണ്ടാക്കും. പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ കാരണമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അവരോട് സഹകരിയ്ക്കാന്‍ തയ്യാറാവുന്നതെന്നായിരുന്നു ആന്റണിയുടെ അഭിപ്രായം.

കഴിഞ്ഞ നായനാര്‍ സര്‍ക്കാരിനെ ഇങ്ങനെ താഴെയിറക്കാന്‍ ഞങ്ങള്‍ ഒരിക്കലെങ്കിലും ശ്രമിച്ചോ? ശ്രമിച്ചെങ്കില്‍ ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമായിരുന്നോ? ഒരു അവിശ്വാസ പ്രമേയത്തിനു പോലും മുതിരാത്തവനാണു ഞാന്‍. ഞങ്ങളുടെ ആ ശൈലിയാണ് കേരള ജനത അംഗീകരിച്ചത്. അതിനുള്ള അംഗീകാരമാണ് കഴിഞ്ഞതെരഞ്ഞെടുപ്പില്‍ 100 സീറ്റുകളോടെ യു.ഡി.എഫ്. ജയിച്ചത്. 1964-നുശേഷം കോണ്‍ഗ്രസിന് ഏറ്റവും അധികം സീറ്റ് ലഭിച്ചതും ഈ തെരഞ്ഞെടുപ്പിലാണ്.

ബി.ജെ.പിയാണ് മുഖ്യശത്രു എന്നാണ് മാര്‍ക്സിസ്റ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ ഇന്ത്യയിലുള്ള ഒരു ബി.ജെ.പി. സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താന്‍ മാര്‍ക്സിസ്റ് പാര്‍ട്ടി ശ്രമിക്കുന്നില്ല അദ്ദേഹംപറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാലു സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എം അതിന് സ്വതവേയുള്ള ഇരട്ടമുഖം പ്രകടമാക്കുകയാണ്. കോണ്‍ഗ്രസ് ഹൈകമാണ്ടിനോട് ഇത് നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നതാണ്.

മാര്‍ക്സിസ്റ് പിന്തുണയോടെ താന്‍ മന്ത്രിയായിട്ടില്ല

മാര്‍ക്സിസ്റ് പാര്‍ട്ടിക്കൊപ്പം രണ്ടുവര്‍ഷം ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നവനാണ് ഞാന്‍. എ.കെ.ജി. സെന്ററിലും പോയിട്ടുണ്ട്.അവരുടെ മനസിലിരിപ്പ് എന്തെന്ന് എനിക്കറിയാം. അന്ന് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് അത്തരമൊരു കൂട്ടുകൂടേണ്ടിവന്നത്. പക്ഷേ, അതുകൊണ്ട് ഒരുപ്രയോജനവും എനിക്ക് ഉണ്ടായിട്ടില്ല. അവരുടെ പിന്തുണയോടെ ഞാന്‍ മത്സരിച്ചില്ല. അവരുടെ മന്ത്രിസഭയിലും ഞാന്‍ ഇല്ലായിരുന്നു. ആ മന്ത്രിസഭ മാറ്റി പുതിയ മന്ത്രിസഭവന്നപ്പോള്‍ അതിന് നേതൃത്വം കൊടുക്കാന്‍ നിയോഗിക്കപ്പെട്ടത് മറ്റൊരു മുതിര്‍ന്ന നേതാവാണ്. ആന്റണി അനുസ്മരിച്ചു.

മാര്‍ക്സിസ്റ് പാര്‍ട്ടിക്ക് ഭരണമില്ലാതെ ഒരു നിമിഷംപോലും കഴിയാന്‍വയ്യാത്ത സ്ഥിതിയായിരിക്കുന്നു. അവര്‍ ഈ സര്‍ക്കാരിനെ ഭയപ്പെടുന്നു. രണ്ടരവര്‍ഷംകൊണ്ട് ഞങ്ങളുണ്ടാക്കിയ മാറ്റത്തെ ഭയപ്പെടുന്നു. കരുണാകരനും മുരളിയും എ.കെ.ജി. സെന്ററില്‍ നിന്ന് പറയുന്നതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണോ പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ ഞാനങ്ങനെ പറഞ്ഞില്ല എന്നായിരുന്നു ഉത്തരം.

ഐടി മേഖലയില്‍ കേരളം കുതിച്ചുയരുന്നു. ബയോടെക്നോളജിക്ക് പുതിയ നയം ഉണ്ടായി. സംസ്ഥാന ബയോടെക്നോളജി ബോര്‍ഡ് 10-ന് ചേരുകയാണ്. ഇങ്ങനെ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ സി.പി.എം. കേരളത്തില്‍ തിരിച്ചുവരികയില്ല.

കപട ആദര്‍ശവാദിയായിരിക്കില്ല അടുത്ത കേരള മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി. അധ്യക്ഷന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊതുവേദിയില്‍ അദ്ദേഹത്തിന് മറുപടി പറയാന്‍ ഞാനില്ലെന്നായിരുന്നു ഉത്തരം.

എന്റെ മന്ത്രിസഭയെ ആരും അട്ടിമറിക്കില്ല

എന്റെ മന്ത്രിസഭയെ ആരും അട്ടിമറിക്കില്ല. ഞങ്ങള്‍ മുന്നോട്ടുപോകും. യു.ഡി.എഫ്. ശക്തമാണ്. യു.ഡി.എഫിന്റെ പ്രസക്തി കൂടുകയാണ്.

താങ്കളാണല്ലോ ബി.ജെ.പിയോട് കൂടുതല്‍ ആനുകൂല്യംകാണിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആരോഗ്യ പരമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലാണ് വിശ്വസിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. പശ്ചിമബംഗാളും, തൃപുരയും കേന്ദ്രസര്‍ക്കാരിനോട് എത്ര അനുകൂലമായി പെരുമാറുന്നത്.

കോണ്‍ഗ്രസിലെ പ്രശ്നം 19ന് മുമ്പ് തീരുമോ എന്നുചോദിച്ചപ്പോള്‍ അതിനുത്തരം ഹൈക്കമാന്‍ഡാണ് പറയേണ്ടതെന്നായിരുന്നു മറുപടി. മന്ത്രിസഭയ്ക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ വളരെ സൗഹൃദത്തോടെ ചര്‍ച്ചകള്‍നടത്തി തീരുമാനം എടുക്കുന്നു. ഘടകകക്ഷികള്‍ ഏഴാം തീയതി പ്രത്യേക യോഗം ചേരുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല. അങ്ങനെ ചേരുന്നതില്‍ തെറ്റുമില്ല യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് അത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X