Get Updates
Get notified of breaking news, exclusive insights, and must-see stories!

ഘടകകക്ഷി യോഗം കൂടുതല്‍ നിര്‍ണ്ണായകമാവുന്നു

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയിലെ കോണ്‍ഗ്രസ് ഒഴികെയുള്ള ഘടക കക്ഷികള്‍ നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് നടത്തുന്ന യോഗം കൂടുതല്‍ നിര്‍ണായകമാവുന്നു.

മുന്നണിയിലെ കക്ഷികള്‍ കോണ്‍ഗ്രിലെ പ്രശ്നം പരിഹരിയ്ക്കാന്‍ എന്ത് തീരുമാനം എടുക്കുമെന്നത് മാത്രമല്ല ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വിശ്വാസ വോട്ട് തേടാനായി സഭവിളിച്ച് കൂട്ടണമോയെന്ന് ഐക്യമുന്നണിയിലെ കക്ഷികള്‍ തീരുമാനിയ്ക്കട്ടേയെന്നാണ് ആന്റണി നവംബര്‍ ആറ് വ്യാഴാഴ്ച ദില്ലിയില്‍ പറഞ്ഞത്. സോണിയയെ കണ്ടതിന് ശേഷമാണ് ആന്റണി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതാണ് ഈ യോഗത്തിന്റെ പ്രാധാന്യം കൂട്ടിയിരിയ്ക്കുന്നത്.

ഘടക കക്ഷികളില്‍ ആര്‍ക്കും തന്നെ ഐക്യമുന്നണിയെ പൊളിയ്ക്കണമെന്നില്ല. പ്രത്യേകിച്ചും ഈ ആഗ്രഹം മുസ്ലിം ലീഗിനും സി എം പി യ്ക്കുമാണ്. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ഒരു സര്‍ക്കാരുണ്ടായാല്‍ ഈ രണ്ട് കക്ഷികളുടെ പ്രതിനിധികളെ മന്ത്രിസ്ഥാനത്ത് കൊണ്ട്വരാന്‍ അവര്‍ അനുവദിച്ചെന്ന് വരില്ല. അതാണ് അവരുടെ ഐക്യ മുന്നണി പ്രേമത്തിന്റെ പ്രധാന കാരണം.

കോണ്‍ഗ്രിലെ പ്രശ്നം പരിഹരിയ്ക്കുക, വിശ്വാസ വോട്ട് തേടാനായി സഭ വിളിച്ച് കൂട്ടുക ഈ വിഷയങ്ങളില്‍ ഏതിനായിരിയ്ക്കും യോഗം കൂടുതല്‍ പ്രാധാന്യം നല്‍കുക എന്ന് കണ്ട് തന്നെ അറിയണം. എന്തായാലും പ്രാധാന്യം നിശ്ചയിയ്ക്കുന്നതില്‍ മുന്നണിയിലെ പാര്‍ട്ടികളുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല.

മുസ്ലിം ലീഗിന് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി വേണമെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റാമെന്നുണ്ട്. എന്നാല്‍ അത് ഐക്യമുന്നണിയ്ക്ക് കോട്ടമില്ലാതെ സംഭവിയ്ക്കണം എന്നാണ് ആഗ്രഹം. ലീഗില്‍ തന്നെ ഈ അഭിപ്രായത്തോട് യോജിയ്ക്കാതിരിയ്ക്കുന്നത് മന്ത്രി കുഞ്ഞാലിക്കുട്ടി മാത്രമാണെന്ന് വേണം കരുതാന്‍. അഹമ്മദിന് ആന്റണിയെ മാറ്റണമെന്നുണ്ട്. എന്നാല്‍ സോണിയാ ഗാന്ധിയോട് പിണങ്ങിക്കൊണ്ട് അത് നടത്തുന്നതില്‍ താല്പര്യമില്ല.

ഘടക കക്ഷികളുടെ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് പൂര്‍ണ്ണമായും വ്യക്തമയിട്ടില്ല. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും കെ ആര്‍ ഗൗരിയുടെ ജെ എസ് എസും മാത്രമേ യോഗത്തില്‍ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗിനെ അറിയിച്ചിട്ടുള്ളു. എങ്കിലും എല്ലാ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ഐക്യമുന്നണിയിലെ പാര്‍ട്ടികള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതിനെ കോണ്‍ഗ്രസിലെ എ വിഭാഗത്തിലെ ചില നേതാക്കള്‍ എതിര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസിലെ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിയ്ക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്ത്വമാണെന്നാണ് അവര്‍ പറയുന്നത്. അല്ലാതെ മറ്റ് പാര്‍ട്ടികളല്ല.

ഐ വിഭാഗത്ത് നിന്ന് ചില എം എല്‍ എ മാരെ ചാക്കിടാനായി എ വിഭാഗത്തിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് സമാനമായി എ വിഭാഗത്തില്‍ നിന്ന് എം എല്‍ എ മാരെ ചാക്കിടാന്‍ കരുണാകരന്റെ നേതൃത്ത്വത്തില്‍ ഐ വിഭാഗത്തിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എ വിഭാഗത്തിലെ ക്രിസ്ത്രീയ എം എല്‍ എ മാരെ ആന്റണിയുടെ കൂടെ നിറുത്താനായി ക്രിസ്ത്രീയ സഭാ നേതൃത്ത്വമാണ് ശ്രമം നടത്തുന്നത്. അങ്കമാലി എം എല്‍ എ ആയ പി ജെ ജോയി ഐ വിഭാഗത്തോട് അകന്നത് സഭാ നേതൃത്ത്വത്തിന്റെ ശ്രമ ഫലമായിട്ടാണെന്നാണ് കരുതുന്നത്. ഇതേ കാരണത്താല്‍ തന്നെ കോതമംഗലെ എം എല്‍ എ വി ജെ പൗലോസും ഐ ക്കാരോട് അകന്നിട്ടുണ്ട്.

ഐ വിഭാഗത്ത് നിന്ന് സഭ ചാക്കിട്ടാല്‍ കിട്ടാത്തതായി രണ്ട് പേരുണ്ടെന്നും എ വിഭാഗം കരുതുന്നു. ശോഭനാ ജോര്‍ജ്ജും ഇ എം അഗസ്തിയുമാണവര്‍.

വിശ്വാസ വോട്ട് തേടാനായി സഭ വിളിച്ച് കൂട്ടണമോയെന്നതും ഐക്യമുന്നണി ഇതേ രീതിയില്‍ തുടരണമോ എന്നതും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരം നിര്‍ദ്ദേശിയ്ക്കണമെന്നതും നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് ചേരുന്ന ഐക്യമുന്നണിയിലെ കോണ്‍ഗ്രസ് ഇതര ഘടക കക്ഷികളുടെ യോഗത്തിലെ തീരുമാനമാവുകയുള്ളു. ഒറ്റ ദിവസം കൊണ്ട് തീരുമാനം ഉണ്ടാവുമോ എന്നതും സംശയമാണ്. ഈ യോഗത്തിന് ശേഷം മുസ്ലിം ലീഗും ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. ഘടക കക്ഷികളുടെ യോഗത്തിലെ തീരുമാനത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാനും മുസ്ലിം ലീഗിന്റെ നിലപാട് അവസാനമായി തീരുമാനിയ്ക്കാനുമാണ് ഈ യോഗം വിളിച്ചിരിയ്ക്കുന്നത്.

ഇതുവരെ നടന്ന പ്രസ്താവനകളില്‍ നിന്ന് ഒന്ന് ശ്രദ്ധേയമാണ്. ഐക്യമുന്നണിയിലെ ഘടക കക്ഷികളില്‍ സി എം പി ഒഴിച്ച് മറ്റ് ഒരു കക്ഷിയും ആന്റണി മാറേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ മന്ത്രിമാരായ ബാലകൃഷ്ണപിള്ളയും ടി എം ജേക്കബും ആന്റണി മാറുന്നതുകൊണ്ട് കുറ്റമൊന്നുമില്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ഇതുവരെ ഇതിനെക്കുറിച്ച് മൗനം പാലിയ്ക്കുകയാണ് ചെയ്തത്. അവരും ഏഴാം തീയതി അഭിപ്രായം പറയുമെന്ന് വേണം കരുതാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+