കാഡ്ബറിയ്ക്കെതിരെ കേരളത്തില്‍ കേസ്
തിരുവനന്തപുരം: കാഡ്ബറി ചോക്കലേറ്റ് കമ്പനിയ്ക്കെതിരെ കേരള ഹൈക്കോടതിയില്‍ കേസ്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ജോ വിന്‍സന്റ് ആണ് കേരളത്തില്‍ കാഡ്ബറി ചോക്കലേറ്റ് നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നല്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം താന്‍ വാങ്ങിയ ചോക്കലേറ്റില്‍ പുഴുക്കളെ കണ്ടുവെന്നും അതിനാല്‍ സംസ്ഥാനത്ത് കാഡ്ബറിയുടെ വില്പന റദ്ദാക്കണമെന്നുമാണ് ജോ വിന്‍സന്റ് പരാതിപ്പെട്ടിരിക്കുന്നത്. കേസ് ഹൈക്കോടതി വാദം കേള്‍ക്കാനായി സ്വീകരിച്ചതായി വിന്‍സെന്റിന്റെ അഭിഭാഷകന്‍ എസ്. മജീദ പറഞ്ഞു. കാഡ്ബറി ഭക്ഷ്യയോഗ്യമാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ജോ വിന്‍സെന്റ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
താന്‍ വാങ്ങിയ ചില കാഡ്ബറി ചോക്കലേറ്റുകളില്‍ പുഴുക്കളെ കണ്ടതായി കമ്പനിയ്ക്കെഴുതിയിരുന്നെന്നും ഇതിന് മറുപടി ലഭിയ്ക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും ജോ വിന്‍സെന്റ് പറഞ്ഞു.
കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ മുംബൈ ഉള്‍പ്പെടെ ചില നഗരങ്ങളില്‍ വിറ്റ കാഡ്ബറി ചോക്കലേറ്റുകളില്‍ പുഴുക്കളെ കണ്ടെത്തിരുന്നു. ജൂണ്‍ മാസത്തില്‍ നിര്‍മ്മിച്ച കാഡ്ബറി ചോക്കലേറ്റുകളുടെ വില്പന കേരളത്തില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നിര്‍മ്മിച്ച ചോക്കലേറ്റുകളും ഗുണനിലവാരമില്ലാത്തതാണെന്നും വിന്‍സെന്റ് അവകാശപ്പെടുന്നു.
താന്‍ ഈ കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നും പകരം കാഡ്ബറി ഉല്പന്നങ്ങള്‍ പാടെ നിരോധിയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജോ വിന്‍സെന്റ് പറഞ്ഞു.












Click it and Unblock the Notifications