സുശീല്‍ ശര്‍മ്മയ്ക്ക് വധ ശിക്ഷ
ദില്ലി: നൈനസാഹ്നി വധക്കേസിലെ മുഖ്യപ്രതി സുശീല്‍ ശര്‍മ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. കേസിലെ മറ്റൊരു പ്രതിയായ കേശവ് കുമാറിനെ ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ദില്ലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.പി. തരേജയാണ് വിധി പ്രഖ്യാപിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായ സുശീല്‍ ശര്‍മ്മ നൈന സാഹ്നിയെ കൊല്ലുകയും തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹം തണ്ടൂരി അടുപ്പിലിട്ട് ചുട്ടുകരിക്കുകയും ചെയ്തെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനാണ് സുശീലിന് വധശിക്ഷ നല്‍കിയത്. രണ്ടുതവണ വിധിപറയല്‍ മാറ്റിവച്ചിരുന്നു. നവംബര്‍ ഏഴ് വെള്ളിയാഴ്ചയാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഓഗസ്റ് 28-ന് ഈ കേസില്‍ വിചാരണാ നടപടികള്‍ പൂര്‍ത്തിയായിരുന്നു.
തന്റെ ഭാര്യ ആയ നൈനാ സാഹ്നിയ്ക്ക് മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മത്ലൂബ് കരിമുമായി രഹസ്യബന്ധമുണ്ടെന്ന വിശ്വാസമാണ് സുശീല്‍ശര്‍മ്മയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
ദില്ലിയിലെ അശോക് യാത്രിനിവാസില്‍ സുശീല്‍ ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ബാഗിയ റസ്റോറന്റിന്റെ തണ്ടൂരി അടുപ്പില്‍ നിന്ന് 1995 ജൂലായ് രണ്ടിന് രാത്രിയാണ് നൈനാ സാഹ്നിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പോലീസ് കണ്ടെടുത്തത്. റസ്റോറന്റ് മാനേജര്‍ കേശവിനെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റു ചെയ്തു. ദില്ലി പൊലീസിലെ മലയാളി കോണ്‍സ്റബിള്‍ അബ്ദുള്‍ നസീര്‍ കുഞ്ഞാണ് മൃതദേഹം കരിയ്ക്കുന്നത് കണ്ടെത്തിയത്. ഇദ്ദേഹം കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു.












Click it and Unblock the Notifications