ഹ്രസ്വചിത്രങ്ങളുമായി ചലച്ചിത്ര അക്കാദമി
തിരുവനന്തപുരം: മലയാള സിനിമയുടെ 75-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമി 15 ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കുമെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
ഓരോ ചിത്രവും അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ളതായിരിക്കും. വ്യത്യസ്ത പ്രമേയങ്ങളെ ആസ്പദമാക്കിയാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. പി. എന്‍. മേനോന്‍, എ. വിന്‍സെന്റ്, സേതുമാധവന്‍, ശശികുമാര്‍, എം. ടി. വാസുദേവന്‍നായര്‍, കെ. പി. കുമാരന്‍, ശ്രീകുമാരന്‍തമ്പി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഹരിഹരന്‍, കെ. ജി. ജോര്‍ജ്, ഐ. വി.ശശി, രാജീവ്നാഥ്, ജോഷി, കെ. മധു, ബാലചന്ദ്രമേനോന്‍ എന്നീ സംവിധായകരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്.
ചിത്രങ്ങളുടെ ഷൂട്ടിംഗ് ഈ നവമ്പര്‍ അവസാനത്തോടെ തുടങ്ങുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. കെ. രാജീവ്കുമാര്‍ പറഞ്ഞു.
ഡിസംബര്‍ 12ന് തുടങ്ങുന്ന കേരളത്തിന്റെ എട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മലയാള സിനിമയുടെ 75-ാം വാര്‍ഷികത്തിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. മലയാള സിനിമയുടെ വളര്‍ച്ചയെ കുറിച്ചുള്ള സിഡി റോം ചലച്ചിത്രമേളയില്‍ പുറത്തിറക്കും. എല്ലാ വര്‍ഷവും സിഡി റോമിന്റെ പുതുക്കിയ രൂപം പുറത്തിറക്കും. മലയാള സിനിമയെ കുറിച്ചുള്ള സര്‍വവിജ്ഞാനകോശവും പുറത്തിറക്കും.
മലയാള സിനിയുടെ 75-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 28 ചിത്രങ്ങള്‍ ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങളുടെ സംവിധായകരെ പ്രദര്‍ശനവേളയില്‍ ആദരിക്കും.
ചലച്ചിത്ര കലാകാരന്‍മാരുടെ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.












Click it and Unblock the Notifications