വിശ്വാസവോട്ട് തേടേണ്ടെന്ന് ഘടകകക്ഷികള്‍
തിരുവനന്തപുരം: ആന്റണി സര്‍ക്കാര്‍ ഉടന്‍ വിശ്വാസവോട്ട് തേടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ യോഗം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
നവംബര്‍ ഏഴ് വെള്ളിയാഴ്ച വൈകീട്ടാണ് യുഡിഎഫ് ഘടകകക്ഷികളുടെ യോഗം മന്ത്രി കെ. ആര്‍. ഗൗരിയമ്മയുടെ വീട്ടില്‍ ചേര്‍ന്നത്. നേതാവ് ആരായിരിക്കണമെന്നത് കോണ്‍ഗ്രസ് തീരുമാനിക്കേണ്ടതാണെന്നും അക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നുമുള്ള അഭിപ്രായമാണ് യോഗത്തിലുയര്‍ന്നത്. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ചാ വിഷയമായില്ല.
യോഗതീരുമാനങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കാന്‍ ഇ. അഹമ്മദ് എംപിയെ ചുമതലപ്പെടുത്തി. യുഡിഎഫ് ഇപ്പോഴത്തെ നിലയില്‍ തുടരണമെന്നും അതിന് വേണ്ട നടപടി ഹൈക്കമാന്റ് സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗതീരുമാനം മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി കെ. കരുണാകരനെ അറിയിച്ചു.
അനൗദ്യോഗികമായ വിവിധ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഘടകകക്ഷി നേതാക്കളുടെ യോഗം നടന്നത്. യോഗത്തില്‍ കെ. ആര്‍. ഗൗരിയമ്മ, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, ആര്‍. ബാലകൃഷ്ണപിള്ള, ടി. എം. ജേക്കബ്, എം. വി. രാഘവന്‍, എ. വി. താമരാക്ഷന്‍, ഇ. അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications