ലീഗ് വിഷമവൃത്തത്തില്‍
തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാമെന്നാണ് ഹൈക്കമാന്റിന്റെ നിലപാടെങ്കിലും അതുവരെ കാത്തിരിക്കാനാവുമോ എന്ന് ലീഗ് ആശങ്കപ്പെടുന്നു. കരുണാകരന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ കടുത്ത രോഷപ്രകടനമാണ് നടത്തിയിരിക്കുന്നത്.
ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കാനാവില്ലെന്നും നവമ്പര്‍ 19ന് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് പിളര്‍ന്നേയ്ക്കുമെന്നും കരുണാകരന്‍ സൂചന നല്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഡിസംബര്‍ ഒന്ന് വരെ കാത്തിരിയ്ക്കുന്നത് അപകടമാണെന്ന് ലീഗിലെ ഒരു വിഭാഗം പറയുന്നു. നവമ്പര്‍ 19ന്റെ റാലിയ്ക്ക് മുമ്പ് ഘടകകക്ഷിനേതാക്കളുമായി ആലോചിച്ച് അടിയന്തര പരിഹാരനടപടി ഹൈക്കമാന്റില്‍ നിന്ന് ആവശ്യപ്പെടണമെന്നും ലീഗില്‍ സമ്മര്‍ദ്ദമുണ്ട്. കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പിളര്‍ന്ന് ഇടതുമുന്നണിയിലേക്ക് നീങ്ങിയാല്‍ ഭാവിയില്‍ തങ്ങള്‍ക്ക് ഒരിയ്ക്കലും അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് ലീഗ് ഭയപ്പെടുന്നു.
ഐ ഗ്രൂപ്പ് ഇപ്പോഴും എംഎല്‍എമാരുടെ ഒപ്പുശേഖരണം തുടരുകയാണ്. ഐ ഗ്രൂപ്പ് മന്ത്രിമാര്‍ പോലും ഭരണത്തെ പരസ്യമായി വിമര്‍ശിക്കുകയാണ്. ഹൈക്കമാന്റിനെ അവഗണിച്ചുകൊണ്ട് ഒരു നീക്കം നടത്തേണ്ടതില്ലെന്നും ഡിസംബര്‍ ഒന്നു വരെ കാത്തിരിക്കാനുമാണ് കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗിലെ ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. പക്ഷെ കാര്യങ്ങള്‍ രൂക്ഷമായാല്‍ ലീഗ് മാറിച്ചിന്തിച്ചേയ്ക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications