കൊക്കകോള: നിയമസഭാ സമിതി ജനങ്ങളില്‍നിന്നു തെളിവെടുക്കും
പാലക്കാട്: പ്ലാച്ചിമട കൊക്ക കോള കമ്പനിയെക്കുറിച്ച് അന്വേഷണം നടത്തുന്ന നിയമസഭാ സമിതി ജനങ്ങളില്‍ നിന്നും തെളിവെടുത്തേയ്ക്കും.
ജലവിഭവവകുപ്പുമന്ത്രി ടി.എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള നിയമസഭാ സബ്ജക്ട് കമ്മിറ്റി നവംബര്‍ മൂന്നിന് പ്ലാച്ചിമടയിലെത്തി കൊക്കകോളയില്‍നിന്ന് തെളിവെടുത്തിരുന്നു. പക്ഷേ കമ്പനി അധികൃതരില്‍ നിന്ന് മാത്രമാണ് തെളിവെടുത്തത്.
കമ്പനി നടത്തുന്ന ജല ചൂഷണവും പുറംതള്ളുന്ന ഖര മാലിന്യങ്ങളിലെ വിഷാംശവും സംബന്ധിച്ച കാര്യങ്ങളാണ് സമിതി അന്വേഷിയ്ക്കുന്നത്.
പക്ഷേ അമിതജലചൂഷണത്തിന്റെ പേരില്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദ് ചെയ്ത പെരുമാട്ടി പഞ്ചായത്തില്‍നിന്നോ കമ്പനിക്കെതിരെ 560 ദിവസമായി സമരം ചെയ്തുവരുന്ന ആദിവാസികളില്‍നിന്നോ തെളിവെടുത്തിരുന്നില്ല. ഇത് വിമര്‍ശനത്തിനിടയാക്കി.
പഞ്ചായത്തിന്റേതടക്കം പൊതുജനങ്ങള്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന് സമിതി അംഗങ്ങള്‍ക്കിടയിലും അഭിപ്രായം ഉയര്‍ന്നു. ഇക്കാര്യം സമിതിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാം എന്ന് ഇതുസംബന്ധിച്ച് അഭിപ്രായം പറഞ്ഞ സബ്ജക്ട് കമ്മിറ്റി അംഗങ്ങളോട് മന്ത്രി പറഞ്ഞതായി അറിയുന്നു.
പഞ്ചായത്തിനും സമരം ചെയ്യുന്ന ആദിവാസികള്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും സൗകര്യപ്രദമായ സ്ഥലം എന്ന നിലയില്‍ പാലക്കാട്ട് സിറ്റിങ്ങ് നടത്താനാണ് നിയമസഭാ സമിതി ഉദ്ദേശിക്കുന്നത്. ഇതിനു സ്പീക്കറുടെ അനുമതി ആവശ്യമാണ്. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചശേഷം തീയതി പ്രഖ്യാപിക്കും.
കൊക്കകോള കമ്പനി പ്രവര്‍ത്തനം ആരംഭിച്ചശേഷം പരിസരത്തുള്ള മൂന്ന് കിണറുകള്‍ വറ്റിയെന്നും ഏഴ് കിണറുകളില്‍ ജലനിരപ്പ് താഴ്ന്നുവെന്നുമുള്ള ഭൂജലവകുപ്പിന്റെ പഠന റിപ്പോര്‍ട്ട് നിയമസഭാ സമിതിയുടെ മുന്നിലുണ്ട്. കമ്പനിയില്‍ നിന്നുള്ള ഖരമാലിന്യത്തില്‍ വിഷാംശം ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് സമിതി മലിനീകരണനിയന്ത്രണ ബോര്‍ഡില്‍നിന്നു തെളിവെടുക്കും.
പാലക്കാട് ജില്ലയില്‍തന്നെ പ്രവര്‍ത്തിക്കുന്ന പെപ്സി കമ്പനിയും വന്‍തോതില്‍ ജലചൂഷണം നടത്തുന്നുണ്ടെന്നും ഇതുമൂലം പരിസരത്തെ ജലാശയങ്ങള്‍ വറ്റിവരണ്ടുവെന്നും കാട്ടി പെപ്സിവിരുദ്ധ ജലസംരക്ഷണസമിതി നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു പരാതി നല്‍കിയിട്ടുണ്ട്. കൊക്കകോളയെ സംബന്ധിച്ച് തെളിവെടുപ്പിനെത്തുന്ന നിയമസഭാ സമിതി പെപ്സിക്കെതിരെയുള്ള പൊതുജനങ്ങളുടെ പരാതികളും സ്വീകരിക്കും.
ശരദ്പവാര്‍ അധ്യക്ഷനായുള്ള ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി.) തെളിവെടുപ്പിനായി ഡിസംബര്‍ ആദ്യവാരം പ്ലാച്ചിമടയില്‍ എത്തുന്നുണ്ട്. ജെ.പി.സി.യുടെ പ്രധാന അന്വേഷണവിഷയം കോളയിലെ വിഷാംശമാണ്.












Click it and Unblock the Notifications