ആരോപണം ഉന്നയിച്ചിട്ടില്ല: കരുണാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയ്ക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന വിവാദ അഭിമുഖത്തിലെ പരാമര്‍ശങ്ങളെ സംബന്ധിച്ച് നവംബര്‍ 11 ചൊവാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു കരുണാകരന്‍.
സോണിയാഗാന്ധി ഒരു ഉപജാപകസംഘത്തിന്റെ പിടിയിലാണെന്ന് പൊതുധാരണയുണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് കരുണാകരന്‍ വിശദീകരിച്ചു. അത്തരം ആരോപണങ്ങള്‍ അസ്ഥാനത്താണെന്ന് തെളിയിച്ച് അവര്‍ മുന്നോട്ടുവരുമെന്നും താന്‍ അഭിമുഖത്തില്‍ പറഞ്ഞു. സോണിയയില്‍ തനിക്ക് വിശ്വാസമുണ്ട്. പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം. സോണിയയ്ക്ക് കളങ്കം വരുത്താനായി ഒരു ആരോപണവും താന്‍ ഉന്നയിച്ചിട്ടില്ല.
തന്റെ പ്രസ്താവന വിശദമായി പരിശോധിക്കാതെയാണ് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നത്. പ്രസ്താനയുടെ പേരില്‍ പാര്‍ട്ടി നേതൃത്വം തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുകയാണെങ്കില്‍ സന്തോഷത്തോടെ വിശദീകരണം നല്‍കും.
71 എംഎല്‍എമാരുടെ ലിസ്റ് ഐ ഗ്രൂപ്പ് വൈകാതെ ഗവര്‍ണര്‍ക്ക് നല്‍കും. അത് നീട്ടിക്കൊണ്ടുപോവേണ്ട കാര്യമില്ല. ആന്റണി സര്‍ക്കാരിന് ഭൂരിപക്ഷമില്ല. സര്‍ക്കാരിനെതിരായ നീക്കത്തില്‍ ഐ ഗ്രൂപ്പും എല്‍ഡിഎഫും ഒന്നിച്ചാണ്.
എല്ലാ ഐ ഗ്രൂപ്പ് എംഎല്‍എമാരും ഗവര്‍ണര്‍ക്ക് നല്‍കാന്‍ പോവുന്ന നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. മറ്റ് ഗ്രൂപ്പുകളിലെ ഏതാനും എംഎല്‍എമാരും ഈ നീക്കത്തില്‍ തങ്ങളോടൊപ്പമുണ്ടാവും.
സ്ഥിതിഗതികളുടെ പ്രാധാന്യം ഘടക കക്ഷികളും മനസിലാക്കിയിട്ടുണ്ട്. അധികം വൈകിക്കാതെ ഡിസംബര്‍ ഒന്നിന് മുമ്പുതന്നെ പ്രശ്നം പരിഹരിക്കണമെന്ന് ഘടകകക്ഷികള്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി മാറാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല. മുഖ്യമന്ത്രി മാറിയാല്‍ മാത്രം പോര, ഫലപ്രദമായ നേതൃത്വം പകരം വരികയും വേണം.
സിപിഎമ്മുമായി ഒത്തുപോവുന്നതില്‍ ഐ ഗ്രൂപ്പിലെ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. സിപിഎം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതു പോലെയല്ല സിപിഎം ഇപ്പോള്‍.
നവംബര്‍ 19നുള്ള റാലി റദ്ദാക്കില്ല. തിരുവല്ല ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications