ചന്ദ്രിക-റനില്‍ ചര്‍ച്ച അലസി
കൊളംബൊ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിപ്പിയ്ക്കാനായി പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗയും പ്രധാനമന്ത്രി റനില്‍ വിക്രമസിഗെയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഇരുവരും നവംബര്‍ 12 ബുധനാഴ്ച രണ്ട് മണിയ്ക്കൂര്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തി.
റനില്‍ ചര്‍ച്ചകള്‍ക്കായി പ്രസിഡണ്ട് ചന്ദ്രികയുടെ വീട്ടിലെത്തുകയായിരുന്നു. റനില്‍ എത്താന്‍ വൈകിയതുകൊണ്ട് ചര്‍ച്ച തുടങ്ങാന്‍ താമസിച്ചു.
ചന്ദ്രിക പുറത്താക്കിയ റനില്‍ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരെ തിരിച്ചെടുക്കണമെന്ന് റനില്‍ ചര്‍ച്ചയ്ക്കിടയില്‍ ആവശ്യപ്പെട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ഭരണം ഏറ്റെടുത്ത സ്ഥിതിയ്ക്ക് പുലികളുമായി റനില്‍ നടത്തുന്ന സമാധാന ചര്‍ച്ചകളും ഏറ്റെടുത്ത് തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നോര്‍വെയാണ് ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിയ്ക്കുന്നത്.
സര്‍ക്കാരിന്റെ പൂര്‍ണ അധികാരം തനിയ്ക്കില്ലെങ്കില്‍ പുലികളുമായി ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നാണ് റനിലിന്റെ നിലപാട്. പ്രതിരേധവും ആഭ്യന്തരവും വാര്‍ത്താ വിനിമയവും ചന്ദ്രിക ഇപ്പോള്‍ സ്വയം കയ്യാളുകയാണ്. ഈ വകുപ്പുകളിലെ മന്ത്രിമാരെ മാറ്റി ചന്ദ്രിക സ്വയം ഈ വകുപ്പുകള്‍ ഏറ്റെടുക്കുകയായിരുന്നു.
ബുധനാഴ്ചത്തെ ചര്‍ച്ചകളില്‍ കാര്യമായ തീരുമാനം ഒന്നും തന്നെ ഉണ്ടായില്ലെങ്കിലും ചര്‍ച്ച വീണ്ടും തുടരാന്‍ തീരുമാനമായിട്ടുണ്ടെന്നത് ആശ്വാസകരമായ വസ്തുതയാണ്.












Click it and Unblock the Notifications