ആന്ധ്ര നിയമസഭ പിരിച്ചുവിടുന്നു
ഹൈദരാബാദ്: ആന്ധ്രാ നിയമസഭ പിരിച്ച് വിടാനുള്ള മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചു. വൈകാതെ തന്നെ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഇതിനുള്ള പ്രഖ്യാപനം ഉണ്ടാവും.
നിയമസഭ പിരിച്ച് വിടാന്‍ മന്ത്രിസഭ തീരുമാനിച്ച ഉടനേ തന്നെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഗവര്‍ണര്‍ സുര്‍ജിത്ത് സിങ് ബര്‍ണാലയെ കണ്ട് ഈ തീരുമാനം അറിയിച്ചു. ഗവര്‍ണറെ കാണാനായി ചന്ദ്രബാബു നായിഡുവിനൊപ്പം നാല് മന്ത്രിമാരും ഉണ്ടായിരുന്നു.
സംസ്ഥാനത്ത് നക്സലൈറ്റുകളുടെ പ്രവര്‍ത്തനം ശക്തമാവുകയാണെന്നും അതിനെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങലെ പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ പുതിയ ജനവിധി തേടുക മാത്രമേ മാര്‍ഗ്ഗമുള്ളു എന്നായിരുന്നു മന്ത്രിസഭയുടെ അഭിപ്രായം.
ഈയിടെ നായിഡുവിനെ കൊല്ലാനായി നക്സലൈറ്റുകള്‍ ശ്രമിച്ചിരുന്നു. അതില്‍ നിന്ന് അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇത് ഉണ്ടാക്കിയ സിമ്പതി വോട്ടുകളായി മാറ്റാമെന്ന പ്രതീക്ഷയിലാണ് കാലാവധി തികയ്ക്കാന്‍ ഇനിയും മാസങ്ങള്‍ ഉള്ളപ്പോള്‍ നിയമസഭ പിരിച്ച് വിടാന്‍ തെലുങ്ക് ദേശം മന്ത്രിസഭ തീരുമാനമെടുത്തതെന്ന് കരുതുന്നു.
294 അംഗങ്ങളാണ് ആന്ധ്ര നിയമസഭയില്‍ ഉള്ളത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് 2004 ഫെബ്രുവരിയില്‍ നടക്കാനാണ് സാദ്ധ്യത.












Click it and Unblock the Notifications