റംസീനയ്ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ്
ദില്ലി: സ്വന്തം കാല്‍ നഷ്ടപ്പെടുത്തി ചേച്ചിയുടെ മകളെ കാറിനടിയില്‍ നിന്നും രക്ഷിച്ച തിരുവനന്തപുരം സ്വദേശിനി റംസീനയ്ക്ക് ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ്. ധീരതയ്ക്കുള്ള ഗീത ചോപ്ര അവാര്‍ഡാണ് റംസീനയ്ക്ക് ലഭിയ്ക്കുക. റംസീനയ്ക്ക് പുറമെ യു.ആര്‍. സൗമ്യ, പി.ടി. അജിത്കുമാര്‍, കെ.എസ്. സനീഷ് എന്നിവര്‍ക്കും ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചേച്ചിയുടെ മകളെ നിയന്ത്രണം വിട്ട് പാഞ്ഞടുത്ത കാറിന്റെ ടയറുകള്‍ക്ക് മുമ്പില്‍ നിന്ന് രക്ഷിച്ച് സ്വന്തം കാല്‍ നഷ്ടപ്പെടുത്തുകയായിരുന്നു റംസീന. രക്ഷപ്പെടുത്തല്‍ ശ്രമത്തിനിടയില്‍ റംസീനയുടെ ഇടതുകാലില്‍ക്കൂടി കാറിന്റെ ടയറുകള്‍ കയറിയിറങ്ങി കാല്‍ ചതഞ്ഞരഞ്ഞു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കാല്‍ മുട്ടിനു താഴെ മുറിച്ചുകളഞ്ഞു. ഒമ്പതു വയസ്സുള്ള റംസീന തിരുവനന്തപുരം കുറ്റിച്ചല്‍ റജീന മന്‍സിലില്‍ മാഹീന്‍-റംല ദമ്പതികളുടെ മകളാണ്. പരുത്തിപ്പള്ളി ഗവ. വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പെരുമ്പാവൂര്‍ അശമനൂര്‍ പഞ്ചായത്തിലെ പനിച്ചിയത്ത്, പെരിയാര്‍ വാലി മെയില്‍ കനാലില്‍ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കില്‍പെട്ട കൂട്ടുകാരനെ രക്ഷിച്ചതിനാണ് അജിത് കുമാറിന് അവാര്‍ഡ്. എറണാകുളം ജില്ലയിലെ അശമാനൂര്‍ ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ്വിദ്യാര്‍ത്ഥിയാണ് അജിത്.
കുളത്തില്‍ വീണ് മരണവുമായി മല്ലടിച്ച ഒരു കുട്ടിയേയും രണ്ട് സ്ത്രീകളേയും രക്ഷപ്പെടുത്തിയ കെ.എസ്. സനീഷ് മാടക്കത്തറ കിളിയത്ത് ശശിധരന്റെ മകനാണ്. തൃശൂര്‍ സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സനീഷ്.
അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി ഇവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിയ്ക്കും.


Click it and Unblock the Notifications