നിയമം ലംഘിയ്ക്കുന്ന ഓണ്‍ലൈന്‍ ലോട്ടറി പൂട്ടും
കൊച്ചി: നിയമം ലംഘിയ്ക്കുന്ന ഓണ്‍ലൈന്‍ ലോട്ടറികള്‍ പൂട്ടുമെന്ന് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വ. ജനറല്‍ വി.കെ. ബീരാന്‍ അറിയിച്ചതാണ് ഇക്കാര്യം.
അതേ സമയം ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരികളില്‍ നിന്നും യന്ത്രങ്ങള്‍ പിടിച്ചെടുക്കില്ലെന്നും ബീരാന്‍ അറിയിച്ചു. മുംബൈയിലെ താഷി ഡെലക് ഗെയിമിംഗ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നല്കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്ന ജസ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അഡീഷണല്‍ അഡ്വ. ജനറലിന്റെ വാദങ്ങള്‍ രേഖപ്പെടുത്തി.
അരുണാചല്‍ പ്രദേശ് സംസ്ഥാനമൊഴികെ കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ നല്കുന്ന മറ്റ് സംസ്ഥാനങ്ങളൊന്നും കേരളാ സ്റേറ്റ് ലോട്ടറീസ് ആന്റ് ഓണ്‍ ലൈന്‍ ലോട്ടറീസ്(നിയന്ത്രണ)നിയമം- 2003 പ്രകാരം ആവശ്യമായ വിശദവിവരങ്ങള്‍ നല്കിയിട്ടില്ലെന്നും അഡീഷണല്‍ അഡ്വ. ജനറല്‍ ബീരാന്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ് നല്കിയ വിവരങ്ങളാകട്ടെ അപൂര്‍ണ്ണവുമാണ്.
ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പുകാര്‍ക്ക് മേല്‍ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്റേ ചെയ്യാന്‍ വാദം കേട്ട ഹൈക്കോടതി തയ്യാറായില്ല. സ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുംബൈയിലെ താഷി ഡെലക് ഗെയിമിംഗ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സിക്കിം, കര്‍ണ്ണാടക, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പേരില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ നടത്തുന്നവരാണ്. ഈ കേസില്‍ വിധിപറയല്‍ ഹൈക്കോടതി മറ്റൊരു ദിവസത്തേയ്ക്ക് നീട്ടിവച്ചു.












Click it and Unblock the Notifications