തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജില്‍ ഷൂട്ടിംഗിനായെത്തിയ തമിഴ് സിനിമാ പ്രവര്‍ത്തകരുടെ സംഘം ചിത്രീകരണം പൂര്‍ത്തിയാക്കാനാവാതെ മടങ്ങി.
റണ്‍ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ലിംഗുസ്വാമിയുടെ അജിത്ത് നായകനാവുന്ന ജി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് സംഘം തിരുവനന്തപുരത്തെത്തിയത്. നവംബര്‍ ഒന്ന് മുതല്‍ 20 വരെയായിരുന്നു ചിത്രീകരണം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും സംഘത്തിന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായില്ല.
കോളജ് പ്രിന്‍സിപ്പല്‍ എ. സലാവുദ്ദീന്‍ കുഞ്ഞ് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചിത്രീകരണം തടസപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ഷൂട്ടിംഗ് തുടങ്ങിയ സംഘത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമേ ചിത്രീകരണം നടത്താനായുള്ളൂ.
ക്ലാസുകള്‍ തടസപ്പെടുന്നുവെന്ന കാരണത്താലാണ് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ പ്രിന്‍സിപ്പല്‍ ഉത്തരവിട്ടത്. വൈകീട്ട് 3.30ന് ശേഷം മാത്രം ഷൂട്ടിംഗ് നടത്താനാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് സിനിമാപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ നവംബര്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ക്ലാസുകള്‍ പൂര്‍ണമായും തടസപ്പെട്ടതോടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഷൂട്ടിംഗ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഷൂട്ടിംഗ് തടസപ്പെട്ടതു കാരണം 50 ലക്ഷത്തിന്റെ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് ഉണ്ടായതെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ബിജോയ് പറഞ്ഞു. പൊതുസ്ഥാപനങ്ങളുടെ കാമ്പസുകളില്‍ ഷൂട്ടിംഗ് നടത്താന്‍ വന്‍തുകയാണ് തമിഴ്നാട് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതിനാലാണ് കേരളത്തില്‍ ഷൂട്ടിംഗ് നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ 40 ആശാരിമാരുടെ സഹായത്തോടെയാണ് കോളെജ് കാമ്പസിനുള്ളില്‍ വന്‍ സെറ്റ് ഒരുക്കിയിരുന്നതെന്നും ബിജോയ് പറഞ്ഞു.












Click it and Unblock the Notifications