റംസാന്‍ നൊയമ്പ് കഴിയുന്നതോടെ ഭരണമാറ്റം: കരുണാകരന്‍
കൊച്ചിക റംസാണ്‍ നൊയമ്പ് കഴിയുന്നതോടെ കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്ന് കെ. കരുണാകരന്‍. കൊച്ചിയില്‍ ഐ വിഭാഗം സംഘടിപ്പിച്ച റാലിയ്ക്ക് ശേഷം നടന്ന യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നേതൃത്ത്വ മാറ്റത്തിനായി അധിക കാലം കാത്തിരിയ്ക്കാനാവില്ല. സോണിയയും എ. കെ. ആന്റണിയും വിചാരിച്ചാല്‍ പ്രശ്നം പരിഹരിയ്ക്കാന്‍ അധിക സമയം വേണ്ടിവരില്ല. ഇന്ദിരാജിയും നെഹറുവും പിടിച്ച ത്രിവര്‍ണ പതാകയുമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരും- കരുണാകരന്‍ ഉറപ്പിച്ച് പറഞ്ഞു.
യോഗത്തില്‍ ഉടനീളം കെ പി സി സി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ ആന്റണി സര്‍ക്കാരിനെ വിമര്‍ശിയ്ക്കുകയായിരുന്നു.
മന്ത്രിമാരായ പി ശങ്കരനും കടവൂര്‍ ശിവദാസനും യോഗത്തിലെ പ്രസംഗത്തിലുടനീളം കെ. കരുണാകരനേയും മുരളിയേയും പ്രശംസിയ്ക്കുകയും പുകഴ്തുകയുമായിരുന്നു.
കരുണാകരന്‍ കരുണാമയനാണെന്ന് പി. ശങ്കരന്‍ പറഞ്ഞപ്പോള്‍ കടവൂര്‍ പറഞ്ഞത് അശ്വമേധത്തിന് അഴിച്ച് വിട്ട പടക്കുതിരയാണ് ഐ വിഭാഗമെന്നും അതിന്റെ അജയ്യനായ നായകന്‍ കരുണാകരന്‍ ആണെന്നുമായിരുന്നു.
കരുണാകരന്റെ കരുണ കൊണ്ട് മാത്രമാണ് ഇപ്പോള്‍ പലരും കോണ്‍ഗ്രസില്‍ കഴിയുന്നത്. ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞ് മാര്‍ക്സിസ്റ് കൂടാരത്തില്‍ പോയവര്‍ തിരിച്ചു വന്നപ്പോഴും കരുണയോടെ അവരെ സ്വീകരിച്ചയാളാണ് കരുണാകരന്‍.
കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തിയും ദൗര്‍ബല്യവുമാണെന്നും പറയാന്‍ ശങ്കരന്‍ മറന്നില്ല.
കരുണാകരനോടുള്ള വിധേയത്ത്വം പ്രകടമാക്കാന്‍ കിട്ടിയ അവസരം കടവൂര്‍ ശിവദാസനും ഒട്ടും പാഴാക്കിയില്ല. ഇന്ദിരാഗാന്ധി രക്തം വരെയും ചിന്തിയത് രാജ്യത്തിന് വേണ്ടിയാണ്. ഇന്ദിര രൂപം കൊടുത്ത കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ. കരുണാകരന്‍ നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പ് എന്തും ചെയ്യും. കടവൂരിന്റെ ശകുനി പ്രയോഗം മറൈന്‍ ഡ്രൈവ് മൈതാനിയിലും അദ്ദേഹം ആവര്‍ത്തിച്ചു. ശകുനിയുടെ തന്ത്രത്തില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ ഏറ്റുമുട്ടലിന് തയ്യാറായാല്‍ അന്തിമവിജയം ഐ ഗ്രൂപ്പിനായിരിക്കുമെന്നുമായിരുന്നു കടവൂരിന്റെ പ്രയോഗം.
യോഗം അഞ്ചേമുക്കാലിന് അവസാനിയ്ക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 5. 40 ആയപ്പോള്‍ തന്നെ യോഗം അവസാനിച്ചു. നോമ്പുതുറക്കാനായി സൗകര്യം ഒരുക്കാനായിട്ടായിരുന്നു ഇത്. തുടര്‍ന്ന് നോമ്പുതുറക്കല്‍ ചടങ്ങും നടന്നു.












Click it and Unblock the Notifications