Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവല്ലയില്‍ കരുണാകരന്‍ വോട്ട് മറിക്കും

തിരുവല്ല: എറണാകുളം ഉപതിരഞ്ഞെടുപ്പ് ഫലം തിരുവല്ലയിലും ആവര്‍ത്തിക്കുന്നത് ലക്ഷ്യം വച്ച് തന്ത്രങ്ങള്‍ മെനയുന്ന കരുണാകര വിഭാഗം യുഡിഎഫിന് അനുകൂലമായ പെന്തകോസ്ത് വോട്ടുകള്‍ മറിക്കാനുള്ള ശ്രമം നടത്തുന്നു.

പെന്തകോസ്ത് വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വര്‍ഗീസ് ജോര്‍ജിന് അനുകൂലമാക്കി മാറ്റാന്‍ നേരത്തെ സംഘ്പരിവാറിനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ അംഗം ജോണ്‍ ജോസഫിനെയാണ് കരുണാകരന്‍ ഉപയോഗിക്കുന്നത്. പെന്തകോസ്ത് വിഭാഗത്തില്‍ ഗണ്യമായ സ്വാധീനമാണ് ജോണ്‍ ജോസഫിനുള്ളത്.

ഇന്ത്യന്‍ പെന്തകോസ്ത് സഭ ജനറല്‍ പ്രസിഡന്റ് ടി. എസ്. എബ്രഹാമുമായി കരുണാകരന്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ജോണ്‍ ജോസഫ് പുതിയ ദൗത്യത്തിന് നിയോഗിക്കപ്പെടുന്നത്. ഇപ്പോള്‍ തിരുവല്ലയില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന ജോണ്‍ ജോസഫ് പെന്തകോസ്ത് വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.

പെന്തകോസ്ത് സഭയിലെ പല ഉന്നതരുമായും ജോണ്‍ ജോസഫ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം തോമസ് ഐസക് എംഎല്‍എയും മറ്റ് ഉന്നത എല്‍ഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

തിരുവല്ലയിലെ 1.17 ലക്ഷം വോട്ടര്‍മാരില്‍ പെന്തകോസ്ത് വിഭാഗത്തില്‍ പെടുന്ന 12,000 പേരുണ്ട്. പരമ്പരാഗതമായി യുഡിഎഫിന് പോവുന്ന ഈ വോട്ടുകള്‍ മറുപക്ഷത്തേക്ക് മറിഞ്ഞാല്‍ അത് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കും.

മുഖ്യമന്ത്രി എ. കെ. ആന്റണിയോട് പെന്തകോസ്ത് വിഭാഗത്തിന് ഇപ്പോള്‍ അതൃപ്തിയാണുള്ളത്. അമേരിക്കന്‍ മതപ്രചാരകന്‍ ജോസഫ് കൂപ്പര്‍ക്കെതിരായ വിഎച്ച്പി പ്രവര്‍ത്തകരുടെ അക്രമത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി സ്വീകരിച്ച നിലപാടില്‍ പെന്തകോസ്ത് വിഭാഗം അതൃപ്തരായിരുന്നു. പെന്തകോസ്ത് വിഭാഗത്തിന്റെ സംസ്ഥാന തല പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം മുഖ്യമന്ത്രി നിരസിച്ചതും അതൃപ്തി വളരാന്‍ കാരണമായി.

അതേ സമയം നേരത്തെ സംഘ്പരിവാറിനോട് അടുത്ത ബന്ധമുണ്ടായിരുന്ന ജോണ്‍ ജോസഫ് ഇപ്പോള്‍ മറ്റൊരു മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നുമാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+