കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്ട് ഗാന്ധിയന്മാര്‍ ഊരാക്കുടുക്കില്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പുനരധിവാസം കഴഞ്ഞിട്ടും മാറാട്ട് നിന്ന് പോകാനാവാത്ത അവസ്ഥയിലാണ് ഗാന്ധിയന്മാര്‍ക്ക്.

അരയ, മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങള്‍ക്കും ഇടനിലക്കാരാവാന്‍ ഇപ്പോഴും ഗാന്ധിയന്മാര്‍ വേണം.

സൗഹൃദ അന്തരീക്ഷം കൊണ്ടുവരാനായി അയല്‍ കൂട്ടങ്ങളും കുടുംബശ്രീ യുണിറ്റുകളും രൂപീകരിയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമവും ഇതുവരെ നടന്നിട്ടില്ല. ഇതിനായി കാര്യമായ ശ്രമം നടത്തുന്നത് ഗാന്ധിയന്മാര്‍ തന്നെ. പക്ഷേ ഇരു വിഭാഗങ്ങളും ഒരുമിയ്ക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് പ്രധാന പ്രശ്നം.

പൊലീസ് ഇടപെട്ടാല്‍ പ്രശ്നമായാലോ എന്ന് കരുതി അവര്‍ ഇടപെടുന്നില്ല. തലവേദന മുഴുവന്‍ ഗാന്ധി സ്മാരക നിധി പ്രവര്‍ത്തകര്‍ക്കാണ്. പുനരധിവാസം കഴിഞ്ഞ ഉടനേ തന്നെ പൊടിയും തട്ടി പോകാമെന്നാണ് അവര്‍ വന്നപ്പോള്‍ കരുതിയത്. ഇത് പുലിവാല്‍ പിടിച്ചതിന് തുല്യമായെന്ന് ചിലര്‍ക്കെങ്കിലും ഇപ്പോള്‍ തോന്നി തുടങ്ങിയിരിയ്ക്കുന്നു.

ഇരു വിഭാഗങ്ങളും വീണ്ടും മാറാട്ട് ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയതേടെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുകയാണ് ചെയ്തത്. പൊതുപെപ്പില്‍ നിന്ന് വെളളമെടുക്കുമ്പോഴുള്ള പ്രശ്നങ്ങള്‍, വഴിതര്‍ക്കം, വേലിതര്‍ക്കം, ചെറിയ കശപിശകള്‍ തുടങ്ങി എന്തിനും ഏതിനും മധ്യസ്ഥം വഹിക്കാന്‍ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ കൂടിയേ തീരൂ എന്ന രീതിയിലാണ് കാര്യങ്ങള്‍.

ഗാന്ധി സ്മാരക നിധി പ്രവര്‍ത്തകര്‍ നവംബര്‍ ആദ്യ വാരം മടങ്ങി പോകാനാണ് ഉദ്ദേശിച്ചിരുന്നത്. പുനരധിവാസം നടന്ന ഉടനെ തന്നെ പ്രശ്നങ്ങളുടെ നീണ്ട പട്ടിക ഗാന്ധിയന്മാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു. ഇത് പരിഹരിക്കാന്‍ ഇവര്‍ തയാറായി. ദിവസങ്ങള്‍ കഴിയുന്തോറും ഇരുവിഭാഗത്തില്‍ പെട്ടവര്‍ തമ്മിലുളള ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവരില്ലാതെ പറ്റില്ല എന്ന അവസ്ഥയായി.

ഈയിടെ അരയസമാജം നേതാവായ ഉമാ ഉണ്ണിയുടെ വീട്ടില്‍ അയല്‍ക്കൂട്ട രൂപീകരണത്തിനായി കഴിഞ്ഞ ദിവസം സ്ത്രീകളെ വിളിച്ചുകൂട്ടി. എന്നാല്‍ മറുവിഭാഗവുമായി ചേര്‍ന്ന് അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കാന്‍ താല്‍പര്യമില്ലെന്നും തങ്ങള്‍ മാത്രം ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിയ്ക്കുകയാണെങ്കില്‍ സഹകരിക്കാമെന്നുമാണ് ഈ യോഗത്തില്‍ അരയവിഭാഗം സ്ത്രീകള്‍ പറഞ്ഞത്.

നിസഹകരണം തുടരവേ നാളെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാറാട്ട് സ്ത്രീകളുടെ യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്. ഇതില്‍ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും രൂപവത്കരിക്കാനാണ് തീരുമാനം. എന്നാല്‍ ഇരുവിഭാഗവും ചേര്‍ന്നുള്ള ഒരു കാര്യങ്ങള്‍ക്കും സഹകരിക്കില്ലെന്ന തങ്ങളുടെ തീരുമാനം അരയസമാജം സ്ത്രീകള്‍ ഈ യോഗത്തില്‍ ഉന്നയിക്കുമെന്നറിയുന്നു. ഈ പ്രശ്നത്തിനും പരിഹാരത്തിനായി ഗാന്ധി സ്മാരക നിധി പ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ വിജയം കാണാനാവുമെന്ന് അവരും കരുതുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X