കണ്ണന്താനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ഭൂവിനിയോഗ കമ്മിഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനം പൊതുജനസേവകര്‍ക്കുള്ള പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് കെ. ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ഒരു സ്വകാര്യ വിദ്യാഭ്യാസ ട്രസ്റിന് വേണ്ടി വിദേശത്ത് നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഫണ്ട് പിരിച്ചതായും ട്രസ്റില്‍ നിന്ന് രണ്ട് ലക്ഷം രൂപ സ്വീകരിച്ചതായും ജെയിംസ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തലസ്ഥാനത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനായി താനും ചില ഐഎഎസ് ഓഫീസര്‍മാരും ചേര്‍ന്ന് സ്ഥാപിച്ച ചാരിറ്റബിള്‍ ട്രസ്റിന്റെ പ്രവര്‍ത്തനത്തില്‍ അല്‍ഫോണ്‍സ് ഇടപെട്ടതായി ജോസഫ് പറഞ്ഞു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ട്രസ്റിന് വേണ്ടി 1.14 കോടി രൂപ തങ്ങള്‍ സ്വരൂപിച്ചിരുന്നു. അതേ സമയം ട്രസ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അല്‍ഫോണ്‍സ് തന്റെ സഹോദരനെ സ്കൂള്‍ മാനേജ്മെന്റില്‍ തിരുകികയറ്റി. ഈ നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് മൂലം തനിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടായി.
ട്രസ്റില്‍ ചേരുന്നത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആശയ നിര്‍ദ്ദേശകന്‍ (കണ്‍സപ്ച്വലൈസര്‍) ആയി അല്‍ഫോണ്‍സ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അല്‍ഫോണ്‍സിനെ കണ്‍സപ്ച്വലൈസര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തിന്റെ സഹോദരനായ കെ. ജെ. ജോയിയെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ ട്രസ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി ജോസഫ് അറിയിച്ചു.
എന്നാല്‍ കള്ള രേഖകള്‍ ഉണ്ടാക്കി ട്രസ്റിന്റെ പണം ജെയിംസ് ജോസഫ് തട്ടുകയാണെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ഇത്തരം രേഖകര്‍ വഴി ഒരു കോടിയിലേറെ പണം വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ജെയിംസ് കെ. ജോസഫ് പിന്‍വലിച്ചതായും അല്‍ഫോണ്‍സ് പറയുന്നു.












Click it and Unblock the Notifications