യോഗത്തെ നയിക്കാന്‍ വെള്ളാപ്പള്ളി യോഗ്യനല്ല: അഴീക്കോട്
കൊല്ലം: എസ്എന്‍ഡിപി യോഗത്തെ നയിക്കാന്‍ ഭീകരവാദിയായ വെള്ളാപ്പള്ളി നടേശന്‍ യോഗ്യനല്ലെന്ന് സുകുമാര്‍ അഴീക്കോട്.
എസ്എന്‍ഡിപി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ് മൈതാനിയില്‍ നടന്ന കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്. വെള്ളാപ്പള്ളി നടേശന്റെ സമുദായദ്രോഹനയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂട്ടധര്‍ണ്ണ.
ഗുരുദേവന്റെ ആദര്‍ശങ്ങളെ തടവിലാക്കിയ വെള്ളാപ്പള്ളി ഗുരുദേവ വചനങ്ങളെ വളച്ചൊടിച്ച് കശാപ്പ് ചെയ്തു. ധര്‍മ്മം എന്തെന്ന് അറിയാത്ത നടേശന്റെ പിന്നില്‍ ബാനറും ലേബലും മാത്രമേയുള്ളൂ. ധര്‍മ്മമില്ല. വെള്ളാപ്പള്ളിയുടെ ആധിപത്യത്തിന്‍കീഴില്‍ ശ്രീനാരായണപ്രസ്ഥാനത്തിന് നഷ്ടപ്പെട്ടുപോയ ആദര്‍ശത്തെ പുനസ്ഥാപിയ്ക്കുകയാണ് വേണ്ടത്. എസ്എന്‍ഡിപി യോഗത്തില്‍ സകല അബ്കാരികളെയും വെള്ളാപ്പള്ളി അംഗങ്ങളാക്കിയിട്ടുണ്ട്.യോഗത്തെ ഭ്രാന്താലയമാക്കാന്‍ ശ്രീനാരായണീയര്‍ അനുവദിക്കില്ല. - അഴീക്കോട് പരിഹസിച്ചു.
തനിക്ക് മനസ്സിലാകാത്ത ഗുരുദേവ ദര്‍ശനങ്ങളെ അറിയാവുന്ന രീതിയില്‍ വളച്ചൊടിക്കുന്ന വെള്ളാപ്പള്ളി ആത്മോപദേശക ശതകത്തിന് വ്യാഖ്യാനം പറയാന്‍ പാടില്ല. യോഗത്തിന്റെ ആദ്യകാലനേതാക്കള്‍ ആദര്‍ശങ്ങളില്‍ നിന്ന് ഒളിച്ചോടി പോയവരാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന അറിവില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. ആദ്യകാലനേതാക്കളായ കുമാരനാശാന്‍, ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ എഴുതിയതും പറഞ്ഞിട്ടുള്ളതുമായ ഒരു വാക്കെങ്കിലും പറയാന്‍ നടേശനറിയാമോ എന്നും അഴീക്കോട് ചോദിച്ചു.
അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. റസ്റ് ഹൗസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഏകോപനസമിതി കണ്‍വീനര്‍ ഡി. പ്രഭ, പ്രൊഫ. ജി. മോഹന്‍ദാസ്, ബി. പുരുഷോത്തമന്‍, എസ്. സുവര്‍ണ്ണകുമാര്‍, എന്‍. ധനേശന്‍, പി.പി. രാജന്‍ എന്നിവര്‍ നേതൃത്വം നല്കി.












Click it and Unblock the Notifications