ആലക്കോട് വില്ലേജ് ഓഫീസറെ ബന്ദിയാക്കി
കണ്ണൂര്‍: ഭൂവിതരണത്തില്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ആലക്കോട് വില്ലേജ് ഓഫീസറെ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഒരു സംഘം ആദിവാസികള്‍ ഓഫീസില്‍ ബന്ദിയാക്കി.
നവംബര്‍ 26 ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ആദിവാസികള്‍ പത്തു മണിയോടെയാണ് വില്ലേജ് ഓഫീസറെ ബന്ദിയാക്കിയത്. വില്ലേജ് ഓഫീസറെ മോചിപ്പിക്കുന്നതിന് പൊലീസ് ആദിവാസികളുമായി നടത്തിയ ചര്‍ച്ച വിജയിച്ചില്ല.
ആലക്കോട് എസ്റേറ്റില്‍ ഭൂമി ലഭിക്കുന്നതിന് ആദിവാസികള്‍ ഈയിടെ സമര്‍പ്പിച്ച അപേക്ഷകള്‍ വില്ലേജ് ഓഫീസര്‍ നിരസിച്ചുവെന്നാണ് ആദിവാസി ഗോത്രമഹാസഭ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഭൂമി ആദിവാസികള്‍ക്ക് ലഭിക്കരുതെന്ന് താത്പര്യമുള്ള ചിലരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് അപേക്ഷകള്‍ നിരസിച്ചതെന്ന് അവര്‍ പറഞ്ഞു.
പ്രശ്നത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ടാലേ വില്ലേജ് ഓഫീസറെ മോചിപ്പിക്കുകയുള്ളൂവെന്ന നിലപാടിലാണ് ആദിവാസികള്‍. ആദിവാസി ഗോത്രമഹാസഭ നേതാവ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ ബന്ദിയാക്കിയത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആദിവാസികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒട്ടേറെ പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications