നായനാര്‍ എസ്കോര്‍ട്ട്സ് ആശുപത്രിയില്‍
ദില്ലി: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെ എസ്കോര്‍ട്ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു ദിവസത്തെ പരിശോധനകള്‍ക്ക് ശേഷം വിദഗ്ധ ചികിത്സ നിശ്ചയിക്കുമെന്ന് ഹൃദ്രോഗവിദഗ്ധന്‍ ഡോ. എച്ച്.എസ്. റിസം പറഞ്ഞു. ആംബുലന്‍സില്‍ നവമ്പര്‍ 26 ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് നായനാരെ എസ്കോര്‍ട്ട്സ് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയിലെ ഹാര്‍ട്ട് കമാന്റ് സെന്ററിലാണ് നായനാരെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ പ്രത്യേക വിമാനത്തിലാണ് നായനാരെ തിരുവനന്തപുരത്ത് നിന്നും ദില്ലിയില്‍ എത്തിച്ചത്. അഞ്ചംഗവൈദ്യസംഘവും വിമാനത്തില്‍ നായനാരെ അനുഗമിച്ചിരുന്നു. ഭാര്യ ശാരദടീച്ചര്‍, മക്കളായ വിനോദ്, കൃഷ്ണകുമാര്‍, മരുമകന്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.
നായനാരുടെ ചികിത്സാച്ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് നായനാരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ സന്ദര്‍ശിക്കാനെത്തിയ ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനും നായനാരെ കാണാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications