കരുണാകരന്‍ ഇന്ന് ഗവര്‍ണറെ കാണുന്നില്ല
തിരുവനന്തപുരം: നവംബര്‍ 28 വെള്ളിയാഴ്ച ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിനെ കാണാനുള്ള പരിപാടി കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ മാറ്റിവച്ചു.
ആരോഗ്യകരമായ കാരണങ്ങളാലാണ് വെള്ളിയാഴ്ച കരുണാകരന്‍ ഗവര്‍ണറെ കാണേണ്ടെന്ന് തീരുമാനിച്ചതെന്ന് ഐ ഗ്രൂപ്പ് നേതാവ് വി. ബലറാം വാര്‍ത്താ ലേഖകരെ അറിയിച്ചു. കടുത്ത ജലദോഷം ബാധിച്ച കരുണാകരന് വിശ്രമം ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗ്രൂപ്പിന്റെ നിലപാടുകളില്‍ മാറ്റമില്ലെന്ന് ബലറാം വ്യക്തമാക്കി. ഗവര്‍ണറെ കാണുന്നതിന് കരുണാകരന്‍ സമയം ചോദിച്ചിരുന്നു. ആന്റണിയെ താഴെയിറക്കുന്നതിന് വേണ്ട എംഎല്‍എമാരുടെ പിന്തുണ ഐ ഗ്രൂപ്പിനുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി സ്ഥാനം ആന്റണിയും കരുണാകരനും തമ്മില്‍ വച്ചുമാറണമെന്ന നിര്‍ദേശം ഐ ഗ്രൂപ്പ് ഹൈക്കമാന്റിന് മുന്നില്‍ വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ബലറാം പറഞ്ഞു.
അതിനിടെ മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ കരുണാകരനെ കണ്ട് ചര്‍ച്ച നടത്തി.
അതേ സമയം ബദല്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ മന്ദഗതിയിലാക്കാന്‍ കരുണാകരനില്‍ യുഡിഎഫ് ഘടക കക്ഷികളുടെ സമ്മര്‍ദമുണ്ട്. വെള്ളിയാഴ്ച ഗവര്‍ണറെ കാണുന്നത് ഒഴിവാക്കണമെന്ന് ടി. എം. ജേക്കബ് കരുണാകരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications