ഗോകുലം 100ാം ശാഖ തുറന്നു
തൃശൂര്‍: ശ്രീ ഗോകുലം ചിറ്റി ആന്റ് ഫിനാന്‍സ് കമ്പനിയുടെ 100ാമത് ശാഖ മണ്ണുത്തി ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തനം തുടങ്ങി. തൃശൂര്‍ മേയര്‍ ജോസ് കാട്ടൂക്കാരനാണ് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
തുടര്‍ന്ന് കേരളത്തിന്റെ വികസനത്തില്‍ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടന്നു. ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ എഡിറ്റര്‍ എം.കെ. ദാസ് മോഡറേറ്ററായിരുന്നു.
വൈകീട്ട് ആറിന് കോര്‍പറേഷന്‍ സ്റേഡിയത്തില്‍ നടന്ന ഗോകുലം ഉത്സവം കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജഗതി ശ്രീകുമാര്‍, സുകുമാരി, എസ്. ജാനകി, ഐ.എം. വിജയന്‍, ജി.എസ്. പ്രദീപ് തുടങ്ങിയവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. തുടര്‍ന്ന് ടി.കെ. രാജീവ്കുമാര്‍ ഒരുക്കിയ മെഗാഷോ നടന്നു.
മൂന്നര പതിറ്റാണ്ട് മുമ്പ് ജോലി തേടി വടകര വൈക്കിലശേരിയില്‍ നിന്ന് ചെന്നൈയ്ക്ക് വണ്ടി കയറിയ അമ്പലത്തില്‍ മീത്തല്‍ ഗോപാലന്‍ 10 പേരെ ചേര്‍ത്ത് 600 രൂപയുടെ കുറി ആരംഭിച്ചതില്‍ നിന്നാണ് ശ്രീഗോകുലത്തിന്റെ തുടക്കം. ഒമ്പത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ചിട്ടി കമ്പനിയ്ക്ക് ഇപ്പോള്‍ 10 ലക്ഷത്തോളം വരിക്കാരും അയ്യായിരത്തിലേറെ ജീവനക്കാരും ഉണ്ട്. എ.എം. ചാത്തുവിന്റെ മകനും സ്ഥാപകനും ചെയര്‍മാനുമായ മീത്തല്‍ ഗോപാലന്‍ ഇന്ന് അറിയപ്പെടുന്നത് ഗോകുലം ഗോപാലന്‍ എന്ന പേരിലാണ്.
ഹോട്ടല്‍, വിദ്യാഭ്യാസം, ഔഷധ മേഖലകളിലും ഗോകുലം സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. 2005ല്‍ മെഡിക്കല്‍ കോളെജ് ആരംഭിയ്ക്കാനും ഗോപാലന് പദ്ധതിയുണ്ട്.












Click it and Unblock the Notifications