ഹിന്ദു സമുദായം 2060ല്‍ ന്യൂനപക്ഷമാകും
കോഴിക്കോട്: ക്രിസ്ത്യന്‍, ഇസ്ലാം മതത്തിന്റെ ജനസംഖ്യാവളര്‍ച്ചയുമായി തട്ടിച്ചുനോക്കിയാല്‍ ഹിന്ദു സമുദായത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണെന്ന് അക്കാദമിക് പണ്ഡിതന്‍ ജെ.കെ. ബജാജ്. ഇന്നത്തെ പ്രവണത തുടരുകയാണെങ്കില്‍ 2060 ഓടെ ഹിന്ദു സമുദായം ഇന്ത്യയില്‍ ന്യൂനപക്ഷസമുദായമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്രു യുവകേന്ദ്ര സംഘടനയും സംഘപരിവാറിനോട് ചായ്വുള്ള പഴശ്ശിരാജ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സില്‍ സംശയം കുത്തിവച്ച് ഇന്ത്യന്‍ സമുദായത്തില്‍ വിഭാഗീയചിന്താഗതി വളര്‍ത്തിയത് ബ്രിട്ടീഷുകാരാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍, കേരള, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഹിന്ദുസമുദായം അതിവേഗം ന്യൂനപക്ഷമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ക്രിസ്തീയ സമൂഹം ഭൂരിപക്ഷസമുദായമായി മാറിക്കൊണ്ടിരിക്കുകയാണ്. മലബാര്‍ മേഖലയില്‍ മുസ്ലിം സമുദായത്തിനും മേല്‍ക്കയ്യുണ്ട്. സമുദായഘടനയില്‍ സംഭവിയ്ക്കുന്ന ഈ മലക്കംമറിച്ചിലുകള്‍ ഭാവിയില്‍ ഒട്ടേറെ സമുദായ-രാഷ്ട്രീയപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. - അദ്ദേഹം പറഞ്ഞു.
ദില്ലി, ഹൈദരാബാദ്, നിസാമബാദ്, ഔറംഗബാദ്, താനെ, നാസിക്, അല്‍വാര്‍, ഗുര്‍ഗാവോണ്‍, സംഗ്രൂര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ മുസ്ലിം സമുദായം ഭൂരിപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ സാമൂഹ്യമാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിന് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാപഠനം അത്യാവശ്യമാണെന്ന് തുടര്‍ന്ന് സംസാരിച്ച ദീനനാഥ് മിശ്ര എംപി പറഞ്ഞു. പത്രപ്രവര്‍ത്തകനും ആര്‍എസ്എസ് സൈദ്ധാന്തികനുമായ ദീനനാഥ് മിശ്ര പ്രഥമ പഴശ്ശിരാജ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. മാറുന്ന ജനസംഖ്യാ അനുപാതം എന്നതായിരുന്നു വിഷയം. രാജ്യത്തെ 24 ശതമാനം വരുന്ന മുസ്ലിം സമുദായം 10,000 വര്‍ഷങ്ങള്‍ പഴക്കമുള്ള അവിഭജിത ഇന്ത്യയുടെ സംസ്കാരത്തെ മുറിവേല്പിക്കുന്നതിനുള്ള സംഭാവനകളാണ് നല്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലേക്കുള്ള ഇസ്ലാം നേതാക്കളുടെ പടയോട്ടം ഇന്ത്യയുടെ രക്തരൂക്ഷിതമായ അധ്യായമായിരുന്നു. നേരത്തെ ബജാജ് അവതരിപ്പിച്ച ജനസംഖ്യാപഠനം കുറ്റമറ്റതാണെന്നും അത് ഏതെങ്കിലും മതത്തിന് എതിരായുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓശാന സ്റഡി സെന്റര്‍ ഡയറക്ടര്‍ ജോസഫ് പുലിക്കുന്നേല്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications