സ്പീക്കര്‍ക്കെതിരെ ഐ ഗ്രൂപ്പ് ആഞ്ഞടിക്കുന്നു
തിരുവനന്തപുരം: പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ചാല്‍ ഐ ഗ്രൂപ്പില്‍ നിന്ന് ആറ് എംഎല്‍എമാര്‍ കൂടി വിടുമെന്നും ഒരു എംഎല്‍എയ്ക്ക് ഒരു കോടി രൂപയാണ് വിലയെന്നുമുള്ള സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ പ്രസ്താവനകള്‍ വിവാദമാവുന്നു.
സ്പീക്കര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സ്പീക്കര്‍ക്കെതിരെ ആക്രമണം തുടങ്ങിയ ഐ ഗ്രൂപ്പ് സ്പീക്കറുടെ ഈ പ്രസ്താവനകള്‍ക്കെതിരെ ആഞ്ഞടിച്ചു. സ്പീക്കറുടെ പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ചാല്‍ ഐ ഗ്രൂപ്പ് വിടുമെന്ന് തന്നോട് ചില എംഎല്‍എമാര്‍ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ സ്പീക്കര്‍ എംഎല്‍എമാരുടെ പേര് വ്യക്തമാക്കണമെന്ന് ആറ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സാവിത്രി ലക്ഷ്മണന്‍, ശോഭനാ ജോര്‍ജ്, ഡി. സുഗതന്‍, എ. ഡി. മുസ്തഫ, എന്‍. ശക്തന്‍, എ. പി. അനില്‍കുമാര്‍ എന്നിവരാണ് സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത്. സ്പീക്കര്‍ പദവിക്ക് യോജിക്കാത്ത പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.
എംഎല്‍എമാരുടെ വില കൃത്യമായി പറയാന്‍ സ്പീക്കര്‍ക്ക് കഴിയുന്നത് അദ്ദേഹവും എംഎല്‍എമാരെ ചാക്കിടാന്‍ ഇറങ്ങിയതുകൊണ്ടായിരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ആറ് എംഎല്‍എമാര്‍ ഐ ഗ്രൂപ്പ് വിടുമെന്ന് പറയുന്ന സ്പീക്കര്‍ അതിനായി ആറ് കോടി കൊടുത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടു. താന്‍ ഒരു ഗ്രൂപ്പിലുമില്ലെന്ന് പറയുന്ന വക്കം എ ഗ്രൂപ്പ് വക്താക്കളേക്കാള്‍ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് മുരളി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications