ടിവി പ്രോഗ്രാമുകള്‍ക്ക് സെന്‍സര്‍ഷിപ്പ്
ദില്ലി: സദാചാരം ലംഘിയ്ക്കുന്ന ടിവി പരിപാടികള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ തീരുമാനം. യു സര്‍ട്ടിഫിക്കറ്റുള്ള പരിപാടികള്‍ മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് കേന്ദ്രവാര്‍ത്താ-വിനിമയ മന്ത്രാലയം ടിവി ചാനലുകള്‍ക്ക് നിര്‍ദേശം നല്കിയിരിക്കുകയാണ്. പക്ഷെ എന്താണ് യു സര്‍ട്ടിഫിക്കറ്റിന്റെ മാനദണ്ഡം എന്നത് സംബന്ധിച്ച് വിശദീകരണം നല്കിയിട്ടില്ല.
സംഗീത ആല്‍ബങ്ങളിലെ വര്‍ധിച്ചുവരുന്ന അശ്ലീല ചിത്രീകരണമാണ് ഇങ്ങിനെയൊരു നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നറിയുന്നു. മ്യൂസിക് ആല്‍ബങ്ങള്‍, സിനിമകള്‍, സിനിമാ പരസ്യങ്ങള്‍ എന്നീ പരിപാടികള്‍ക്കാണ് സെന്‍സറിംഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര വാര്‍ത്താ-വിനിമയവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
മ്യൂസിക് വീഡിയോ ആല്‍ബങ്ങളെക്കുറിച്ചും സിനിമാ പരസ്യങ്ങളെക്കുറിച്ചുമാണ് പ്രധാനമായും പരാതികള്‍ ലഭിയ്ക്കുന്നതെന്ന് വാര്‍ത്താവിനിമയ വകുപ്പ് സെക്രട്ടറി പവന്‍ ചോപ്ര പറഞ്ഞു. സിനിമകള്‍ക്കുള്ളതുപോലെ യു സര്‍ട്ടിഫിക്ക് ഇല്ലാതെ ഇത്തരം പരിപാടികള്‍ പ്രദര്‍ശിപ്പിക്കരുത്. - പവന്‍ ചോപ്ര പറഞ്ഞു. അതേ സമയം ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് കേബിള്‍ ഓപ്പറേറ്റേഴ്സ് യുണൈറ്റഡ് ഫ്രണ്ട് പ്രസിഡന്റ് വീരേന്ദ്ര ഗോറിനുള്ളത്. ചാനലിലെ പരിപാടികള്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ലെന്നും വീരേന്ദ്ര ഗോര്‍ പറഞ്ഞു.
പരിപാടികള്‍ നിര്‍മ്മിയ്ക്കുന്നവര്‍ തന്നെ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും യു സര്‍ട്ടിഫിക്കറ്റ് വാങ്ങട്ടെയെന്ന് പ്രമുഖ ചാനലായ സ്റാര്‍ ഇന്ത്യയുടെ വക്താവ് പറഞ്ഞു. അതേ സമയം മ്യൂസിക് വീഡിയോ ആല്‍ബങ്ങളുടെ കാര്യത്തില്‍ മാത്രമേ ഈ നിയന്ത്രണം ഉണ്ടാകൂ എന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ അനുപം ഖേര്‍ പറഞ്ഞു. മ്യൂസിക് വീഡിയോ ആല്‍ബങ്ങള്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതെന്നും അനുപം ഖേര്‍ വിശദമാക്കി.












Click it and Unblock the Notifications