കരുണാകരന്‍ മതേതര ജനാധിപത്യ മുന്നണിയുണ്ടാക്കും
തിരുവനന്തപുരം: കെ. കരുണാകരന്റെ നേതൃത്വത്തില്‍ മതേതര ജനാധിപത്യ മുന്നണി ഉണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
നേരത്തെ പറഞ്ഞതുപ്രകാരം കരുണാകരന്‍ മതേതര ജനാധിപത്യ മുന്നണി ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ബദല്‍ സര്‍ക്കാര്‍ നീക്കം പൊളിഞ്ഞുവെന്ന് പറയുന്നവര്‍ കുപ്രചാരണം നടത്തുകയാണ്. അജണ്ടയും നിബന്ധനയും വച്ച് ആരും കൂടെ നില്‍ക്കേണ്ട. നമ്പര്‍ കാണിച്ച് പേടിപ്പിക്കാനും ആരും ശ്രമിക്കേണ്ട- മുരളീധരന്‍ പറഞ്ഞു. വഞ്ചിയൂര്‍ ബ്ലോക്കിലെ ഐ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പേട്ടയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
ഡിസംബര്‍ നാലിന് തിരുവല്ല ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കെ. കരുണാകരനെതിരെ വീരവാദം മുഴക്കുന്ന എ.കെ. ആന്റണിയുടെയും കൂട്ടരുടെയും പകുതി കാറ്റ് പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. കരുണാകരന്‍ നേതൃത്വത്തിലില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസുണ്ടാവില്ലെന്ന് അപ്പോള്‍ ദില്ലിയിലുള്ളവരും മനസ്സിലാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
കെ. കരുണാകരനെ ഒഴിവാക്കി മുന്നോട്ടുപോവാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസിന് അത് ആപത്താവും. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറണമെങ്കില്‍ കേരളത്തില്‍ നിന്നും കുറച്ചു സീറ്റുകള്‍ കിട്ടണം. അത് നഷ്ടപ്പെടുന്ന സ്ഥിതിയിലാവും കാര്യങ്ങളെത്തുക.
ഐ ഗ്രൂപ്പില്‍ നിന്ന് ഓരോ എംഎല്‍എ പോവുമ്പോഴും ജനലക്ഷങ്ങളാണ് കൂടെ വരുന്നത്. കരുണാകരനെ ഒഴിവാക്കാനാണ് നീക്കമെങ്കില്‍ തമിഴ്നാട്ടില്‍ മൂപ്പനാരെ അകറ്റിനിര്‍ത്തിയപ്പോള്‍ ഉണ്ടായതുപോലുള്ള അനുഭവമായിരിക്കും കോണ്‍ഗ്രസിനുണ്ടാവുക. ഇക്കാര്യം കേരളത്തിലെ ഒരു വിഭാഗവും കേന്ദ്രനേതൃത്വവും മനസിലാക്കണം- മുരളി പറഞ്ഞു.












Click it and Unblock the Notifications