സ്നേഹാദരങ്ങളുടെ മഴയില്‍ ലാലിന് നിറവ്
കൊച്ചി: മലയാളത്തിന്റെ പ്രിയതാരത്തെ സ്നേഹത്തിന്റെ പട്ടുകൊണ്ടു മൂടാന്‍ ജനലക്ഷങ്ങളാണ് കലൂര്‍ അന്താരാഷ്ട്ര സ്റേഡിയത്തിലെത്തിയത്. സിനിമാ ജീവിതത്തിലെ രജതജൂബിലി ആഘോഷത്തിന്റെ നിറവില്‍ ചലച്ചിത്രരംഗത്തെ സഹപ്രവര്‍ത്തകരോടൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന് സ്നേഹാദരങ്ങള്‍ അര്‍പ്പിക്കപ്പെട്ടപ്പോള്‍ പ്രിയതാരം തന്റെ ജീവിതത്തെയും പ്രണയത്തെയും കുറിച്ചെല്ലാമുളള സങ്കല്പങ്ങള്‍ പങ്കിട്ട് നിറഞ്ഞുനിന്നു.
അപ്രതീക്ഷിതമായെത്തിയ മഴയും പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ് പരിപാടിക്ക് കൊഴുപ്പേകി. ജനലക്ഷങ്ങള്‍ ഹര്‍ഷാരവത്തോടെ ലാലിന് സ്നേഹപൂക്കള്‍ നല്‍കിയപ്പോള്‍ അത് മലയാളത്തിന്റെ പ്രിയതാരത്തിന് അര്‍ഹിക്കുന്ന ആദരമായി.
ലോകസുന്ദരി യുക്താമുഖിക്കും ജയറാമിനുമൊപ്പം 25 സുന്ദരികള്‍ ചേര്‍ന്നാണ് ലാലിനെ വേദിയിലേക്ക് ആനയിച്ചത്. ലാലിന്റെ ശിരസില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി. എസ്. കല്യാണരാമന്‍ സ്വര്‍ണ കിരീടമണിയിച്ചു. തുടര്‍ന്ന് ജയറാമിന്റെ പരിപാടി സംബന്ധിച്ച ആമുഖം.
യുക്താമുഖിയാണ് ലാലിനെ ആദ്യം അനുമോദിച്ചത്. തുടര്‍ന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍ ലാലിനെ പൊന്നാട അണിയിച്ചു. തുടര്‍ന്ന് എനിക്കെന്റെ ചേട്ടനെ ആദരിക്കണം എന്ന് ലാല്‍ പറഞ്ഞു. അപ്പോള്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ മമ്മൂട്ടി വേദിയിലെത്തി ലാലിനെ കെട്ടിപ്പിടിച്ചു.
ടി. കെ. രാജീവ് കുമാര്‍ ഒരുക്കിയ കലാപരിപാടികള്‍ വിവിധ കലാപരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകി. ഹാസ്യപരിപാടികള്‍ ചിരിയുടെ അമിട്ടിന് തിരികൊളുത്തി.












Click it and Unblock the Notifications