ജി.എ. മേനോന്‍ അന്തരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന യുഎസ് സോഫ്റ്റ്വേര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രശസ്ത സ്ഥാപനങ്ങളുടെ ഉടമയായ ജി.എ. മേനോന്‍ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നിന്നും ലോസേഞ്ചല്‍സിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. വിമാനത്തില്‍ മരണ സമയത്ത് ഭാര്യ ജമുനയും മകന്‍ രാജുവും ഒപ്പമുണ്ടായിരുന്നു.
സംസ്കാരം കാലിഫോര്‍ണിയയില്‍ നടക്കും. വടക്കന്‍ പറവൂരില്‍ ആലുംപറമ്പില്‍ അഡ്വ. ഗോപാലപിള്ള-മീനാക്ഷിയമ്മ ദമ്പതികളുടെ മകനാണ് ജി.എ. മേനോന്‍. ജി.എ. മേനോന്‍ എന്ന ഗോപാല അച്യുത മേനോന്‍ ഹാര്‍വാഡില്‍ നിന്ന് എംബിഎ പാസായി. തുടര്‍ന്ന് ഐബിഎമ്മില്‍ സിസ്റംസ് എഞ്ചിനീയറിംഗ് ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1971ല്‍ ഐബിഎം സിസ്റംസ് മാനേജരായി ഇന്ത്യയിലെത്തി.
1978ല്‍ അദ്ദേഹം സിംഗപ്പൂരിലേക്ക് പോയി. അവിടെ കോംക്രാഫ്റ്റ് എന്ന ഗ്രൂപ്പില്‍ പ്രവര്‍ത്തനം തുടങ്ങി. 1978ല്‍ ഐബിഎമ്മിനെ അന്നത്തെ ജനത സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയപ്പോഴാണ് മേനോന്‍ സിംഗപ്പൂരിലേക്ക് പോയത്.
പിന്നീട് അദ്ദേഹം സിംഗപ്പൂരില്‍ സ്വന്തമായി വ്യവസായം ആരംഭിച്ചു. മള്‍ട്ടിടെക് സിസ്റംസ് എന്ന ചെറുസ്ഥാപനമാണ് 1989ല്‍ വെഞ്ച്വര്‍ മാനുഫാക്ചറിംഗ് കമ്പനിയുമായി ലയിച്ച് 8,000 കോടി ആസ്തിയുള്ള സ്ഥാപനമായി വളര്‍ന്നത്.
മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ മേനോന്‍ തുടക്കത്തില്‍ മുംബൈയിലെ താക്കര്‍സി-മുല്‍ജി ടെക്സ്റൈല്‍സില്‍ ഏഴുവര്‍ഷം സ്റാറ്റിസ്റീഷ്യനായി ജോലി ചെയ്തു. പിന്നീടാണ് അദ്ദേഹം ഫോര്‍ഡ് ഫൗണ്ടേഷന്‍ ഫെലോഷിപ്പോടെ എംബിഎ പാസായത്.
യുഎസ് സോഫ്റ്റ്വെയറിന് പുറമെ ടൂണ്‍സ് അനിമേഷന്‍സ്, ടെന്‍, ഇന്റര്‍നാഷണല്‍ എഞ്ചിനീയറിംഗ് സര്‍വീസസ് എന്നീ ഇന്ത്യന്‍ കമ്പനികളുടെയും ചെയര്‍മാനായിരുന്നു മേനോന്‍. മള്‍ട്ടിടെക് എന്ന ഐടി കമ്പനിയുടെ പ്രസിഡന്റുമാണ്.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഏറ്റവും വലിയ കമ്പനിയായ യുഎസ് സോഫ്റ്റ്വെയറില്‍ 1300 പേര്‍ ജീവനക്കാരായുണ്ട്. ഈ കമ്പനി പ്രവര്‍ത്തിച്ചുതുടങ്ങി രണ്ടാംവര്‍ഷം മുതല്‍ 15 കോടിയുടെ വാര്‍ഷിക വരുമാനം നേടിത്തുടങ്ങി. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മറ്റൊരു കമ്പനിയായ ടൂണ്‍സ് അനിമേഷനില്‍ 450 പേര്‍ ജോലി ചെയ്യുന്നുണ്ട്.
കോട്ടയം കാരാപ്പുഴ അറയ്ക്കല്‍(പത്മവിഹാര്‍) കുടുംബാംഗമാണ് ഭാര്യ ജമുന. യുഎസില്‍ സിലിക്കണ്‍ വാലിയിലെ ചിപ് ഡിസൈന്‍ വിദഗ്ധനാണ് ഏകമകന്‍ രാജു എന്ന രാജഗോപാല്‍ മേനോന്‍. യുഎസ് പൗരനായ ഇദ്ദേഹം കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലായിരുന്നു സ്ഥിരതാമസം.












Click it and Unblock the Notifications