വൈദ്യുതി നിരക്ക് കൂട്ടില്ല
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് സര്‍ക്കാര്‍ 200 കോടി രൂപ സബ്സിഡി നല്‍കും.
ഡിസംബര്‍ മൂന്ന് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് ഗഡുക്കളായിട്ടായിരിക്കും വൈദ്യുതി ബോര്‍ഡിന് സബ്സിഡി നല്‍കുന്നത്. ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് വൈദ്യുതി നിരക്ക് കൂട്ടുകയോ സബ്സിഡി അനുവദിക്കുകയോ ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് താരിഫ് റെഗുലേറ്ററി കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
സര്‍ക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെട്ടിട്ടില്ലെങ്കിലും വൈദ്യുതി നിരക്ക് കൂട്ടുന്നത് ജനങ്ങള്‍ക്ക് ഭാരമാവുമെന്നത് പരിഗണിച്ചാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2003-04 വിദ്യാഭ്യാസ വര്‍ഷത്തെ സ്വാശ്രയ ദന്തല്‍, ഫാര്‍മസി, സിദ്ദ, ആയുര്‍വേദ, ഹോമിയോ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് ഘടന നിശ്ചയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.