തടവുകാരി പീഡിപ്പിക്കപ്പെട്ടെന്ന് വനിതാ കമ്മീഷന്‍
തിരുവനന്തപുരം: ആറ്റിങ്ങല്‍ സബ് ജയിലില്‍ തടവുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് വനിതാ കമ്മീഷന്‍.
എന്നാല്‍ യുവതിക്ക് കടുത്ത ശാരീരിക പീഡനമേല്‍ക്കേണ്ടിവന്നതല്ലാതെ ലൈംഗിക പീഡനം നടന്നതായി തെളിവില്ലെന്നാണ് അന്വേഷണം നടത്തിയ ജയില്‍ ഡിഐജി പറയുന്നത്.
ഡിസംബര്‍ നാല് വ്യാഴാഴ്ച സെന്‍ട്രല്‍ ജയിലില്‍ തടവുകാരിയെ സന്ദര്‍ശിച്ചാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം. കമലവും സംഘവും മൊഴിയെടുത്തത്. യുവതിയുടെയും ഒപ്പം ഉള്ള തടവുകാരികളുടേയും മൊഴി കമ്മിഷന്‍ എടുത്തിരുന്നു. ഇതില്‍ നിന്നാണ് ലൈഗിക പീഡനം നടന്നതായി കണ്ടെത്തിയതെന്ന് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം കമലം പറഞ്ഞു. സംഭവത്തെപ്പറ്റി കമ്മീഷന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെടുമെന്നും എം. കമലം പറഞ്ഞു.
ബസ്സില്‍ മോഷണം നടത്തിയകേസിലാണ് തമിഴ് നാടോടി സംഘത്തിലെ യുവതിയെ അറസ്റുചെയ്തത്. എന്നാല്‍ ജയിലിലടച്ച് 20 ദിവസത്തിനുശേഷം യുവതി ജയില്‍ചാടി. എന്നാല്‍ ഇവരെ വീണ്ടും പൊലീസ് പിടികൂടി തിരിച്ച് ജയിലില്‍ കൊണ്ടുവന്നശേഷം നാലുമണിക്കൂര്‍ നേരം രണ്ട് പുരുഷ വാര്‍ഡന്മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗിക പീഡനം നടത്തുകയും ചെയ്തതായാണ് യുവതി കമ്മീഷന് മൊഴി നല്‍കിയിരിക്കുന്നത്.
ഒരു വനിതാ വാര്‍ഡനും ഇതിന് കൂട്ടുനിന്നു. കൈകള്‍ പിന്നില്‍ കെട്ടിയിട്ട് നയാക്കിയായിരുന്നു പീഡനം. ദേഹമാസകലം പരിക്കും കടുത്ത രക്തസ്രാവവുമായിട്ടാണ് യുവതിയെ തിരികെ സെല്ലില്‍ കൊണ്ടുവന്നതെന്ന് കൂടെയുണ്ടായിരുന്ന രണ്ട് തടവുകാരികളും കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്. 18 വയസ്സ് ഉണ്ടെന്നാണ് യുവതി പറഞ്ഞതെങ്കിലും കാഴ്ചയില്‍ അത്രയും തോന്നിക്കുന്നില്ലെന്നും എം. കമലം പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ ലിസിജോസ്, പി. കുല്‍സു എന്നിവരും ഡയറക്ടര്‍ വി. ശാന്താറാമും ജയിലില്‍ എത്തിയിരുന്നു. യുവതിയെ ശാരീരിക പരിശോധന നടത്തി.
എന്നാല്‍ രാസപരിശോധനാ ഫലം കിട്ടാതെ യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയാനാവില്ലെന്ന് അന്വേഷണം നടത്തിയ ദക്ഷിണമേഖലാ ജയില്‍ ഡിഐജി ടി. എസ്. രഘുപതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വെള്ളിയാഴ്ച അഡീഷണല്‍ ഡിജിപി അല്‍ഫോണ്‍സ് ലൂയിസിന് നല്‍കും.












Click it and Unblock the Notifications