കേരളാപ്രശ്നം: ഹൈക്കമാന്റ് ചര്‍ച്ച തുടങ്ങി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്നത്തെക്കുറിച്ച് ഹൈക്കമാന്റ് ചര്‍ച്ച തുടങ്ങി. ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, എ ഗ്രൂപ്പ് വക്താവ് പി.ജെ. കുര്യന്‍ എന്നിവരുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തും.
ഐഗ്രൂപ്പ് മന്ത്രിമാരായ പി. ശങ്കരന്‍, കടവൂര്‍ ശിവദാസന്‍ എന്നിവരും ദില്ലിയിലെത്തിയിട്ടുണ്ട്. എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ ഹൈക്കമാന്റ് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു. ഇവരും ഹൈക്കമാന്റിനെ മുന്നില്‍ വിശദീകരണം നല്കേണ്ടി വരും. പക്ഷെ ഇവരെ ഹൈക്കമാന്റ് എന്ന് കാണുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രവര്‍ത്തകസമിതി അംഗങ്ങളായ ആര്‍.കെ. ധവാന്‍, പ്രണബ് മുഖര്‍ജി എന്നിവര്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നു.
പാര്‍ട്ടിയ്ക്കുള്ളില്‍ അച്ചടക്കവും ഐക്യവും നിലനിര്‍ത്തുകയെന്ന അജന്‍ഡയിലൂന്നിയ പ്രാഥമിക ചര്‍ച്ചയാണ് നടന്നതെന്നറിയുന്നു. വടക്കേയിന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലേറ്റ പരാജയം ഒരു വലിയ ദുസ്വപ്നമായി ഹൈക്കമാന്റിനെ തുറിച്ചുനോക്കുന്നുണ്ട്. അവിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് പ്രശ്നങ്ങളില്‍ വി.സി. ശുക്ലയടക്കമുള്ള നേതാക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തത് കോണ്‍ഗ്രസിന്റെ തിരിച്ചടികള്‍ക്ക് കാരണമായിട്ടുണ്ടെന്ന തിരിച്ചറിവും ഹൈക്കമാന്റിനുണ്ട്. അതിനാല്‍ എന്തുവിട്ടുവീഴ്ച ചെയ്തായാലും എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് നിര്‍ത്തുക എന്ന പുതിയ തന്ത്രമായിരിക്കും ഹൈക്കമാന്റ് പയറ്റുക എന്ന് കരുതുന്നു. ഐ ഗ്രൂപ്പിനും ഇതേ പ്രതീക്ഷയാണുള്ളത്. കെ. കരുണാകരന്‍ എസ്കോര്‍ട്ട്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ അദ്ദേഹവുമായി ചര്‍ച്ചയുണ്ടായില്ല.
പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചനയാണ് ആന്റണി ഹൈക്കമാന്റിന് നല്കിയത്. അതേ സമയം നേതൃമാറ്റമാണ് തങ്ങളുടെ മുഖ്യആവശ്യമെന്ന് കഴിഞ്ഞ ദിവസം ആര്‍.കെ. ധവാനോട് കെ. കരുണാകരന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇരുകൂട്ടരും മുന്നുപാധികള്‍ വയ്ക്കരുതെന്നാണ് ഹൈക്കമാന്റിന്റെ ആവശ്യം. തുറന്നചര്‍ച്ച നടത്താമെന്നും ഹൈക്കമാന്റ് വാഗ്ദാനം നല്കുന്നു.












Click it and Unblock the Notifications