ജോലിതട്ടിപ്പ്: മൂന്ന് പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മുന്നൂറ്റമ്പതോളം പേരില്‍ നിന്ന് ഒരു കോടിയോളം രൂപ വാങ്ങി വഞ്ചിച്ചതിന് മൂന്ന് പേര്‍ക്കെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.
വത്സമ്മ തോമസ്, മകന്‍ ഫിലിപ് തോമസ്, വര്‍ഗീസ് കുഞ്ചറിയ എന്നിവര്‍ക്കെതിരാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ജോലി തരാമെന്ന് വാഗ്ദാനം ചെയ്ത് തങ്ങളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചതായി ആരോപിച്ച് വിവിധ ജില്ലകളിലെ ഇരുന്നൂറില്‍ ഏറെ പേരില്‍ നിന്നും പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
ഡൊമിനികന്‍ റിപ്പബ്ലിക്കിലെ പഞ്ചസാര ഫാക്ടറിയില്‍ ജോലി തരാമെന്ന് പറഞ്ഞാണ് ഇവരില്‍ നിന്ന് പണം വാങ്ങിയതത്രെ. പഞ്ചസാര ഫാക്ടറി ഫിലിപ് തോമസിന്റേതാണെന്ന് ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ചിലര്‍ക്ക് വ്യാജ സന്ദര്‍ശന വിസകള്‍ നല്‍കിയിരുന്നു. തങ്ങള്‍ക്ക് കിട്ടിയ വിസകള്‍ വ്യാജമാണെന്ന് മനസിലായപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായതാണെന്ന് ഇവര്‍ക്ക് ബോധ്യമായത്.
പൊലീസ് സംരക്ഷണത്തിനായി വത്സമ്മ തോമസ് കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Click it and Unblock the Notifications