ഹൈക്കമാന്റ് ചര്‍ച്ച തുടരുന്നു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസില്‍ വിമതപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു സംബന്ധിച്ച് ഹൈക്കമാന്റ് നിയോഗിച്ച് അച്ചടക്ക സമിതി വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തി.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ്, എംപിമാരായ എ. സി. ജോസ്, രമേശ് ചെന്നിത്തല, വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള എന്നിവരുമായാണ് അച്ചടക്ക സമിതി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സ്വീകരിക്കേണ്ട നടപടികളുടെ വിവിധ സാധ്യതകളെ പറ്റിയായിരുന്നു ചര്‍ച്ച.
പ്രണാബ് മുക്കര്‍ജി, ആര്‍. കെ. ധവാന്‍, അഹമ്മദ് പട്ടേല്‍ എന്നിവര്‍ അംഗങ്ങളായ സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. മുരളീധരനെ നീക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചെന്നാണ് അറിയുന്നത്. അതേ സമയം ഐ ഗ്രൂപ്പിനെതിരെ നടപടിയെടുത്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അച്ചടക്ക സമിതി നേതാക്കളുമായി ചര്‍ച്ച ചെയ്തു.
പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് ഒഴിവാക്കുക എന്നതിനൊപ്പം പാര്‍ട്ടിയുടെ അച്ചടക്കം നിലനിര്‍ത്തുക എന്ന ദൗത്യം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ചടക്ക സമിതി മുന്നോട്ടുപോവുന്നത്. പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് അച്ചടക്ക സമിതി എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നതാണ് അച്ചടക്ക സമിതിയുടെ വിലയിരുത്തല്‍.












Click it and Unblock the Notifications