പ്രശ്നപരിഹാരത്തിന് മൂന്നിന ഫോര്‍മുല
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ച അച്ചടക്ക സമിതിയിലെ അംഗമായ ആര്‍. കെ. ധവാന്‍ മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. മുരളീധരനെ മാറ്റുക, ഇപ്പോഴത്തെ രണ്ട് ഐ ഗ്രൂപ്പ് മന്ത്രിമാരെ മാറ്റി പകരം പത്മജ വേണുഗോപാലടക്കം മൂന്ന് ഐ ഗ്രൂപ്പുകാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുക, കരുണാകരനെ അധ്യക്ഷനാക്കി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നീ നിര്‍ദേശങ്ങളടങ്ങിയ മൂന്നിന ഫോര്‍മുലയാണ് ധവാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
മുരളിയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാമെന്നും വാഗ്ദാനമുണ്ട്. വാസന്‍ തമിഴ്നാട് പിസിസി പ്രസിഡന്റായതിനെ തുടര്‍ന്നാണ് ഒരു ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിവുവന്നത്.
തന്നെയും രണ്ട് മന്ത്രിമാരെയും മാറ്റുന്ന നിര്‍ദേശത്തിന് വഴങ്ങരുതെന്ന് മുരളീധരന്‍ കരുണാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റമുണ്ടാവുമെന്ന് ഉറപ്പുതരികയാണെങ്കില്‍ ഏത് നിര്‍ദേശവും അംഗീകരിക്കാമെന്ന നിലപാടിലാണ് കരുണാകരന്‍ എന്ന് അറിയുന്നു.
നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെയും അറിയിച്ചിട്ടുണ്ട്. പത്മജയെ മന്ത്രിയാക്കുന്ന ഒരു പരിഹാര ഫോര്‍മുല സ്വീകാര്യമല്ലെന്ന നിലപാട് ആന്റണിയെടുക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications