ജോഗി പ്രശ്നം: ലോക്സഭ നിര്‍ത്തിവച്ചു
ദില്ലി: അജിത് ജോഗി പ്രശ്നം ഉയര്‍ത്തിക്കാട്ടി ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഡിസംബര്‍ എട്ട് തിങ്കളാഴ്ച ലോക്സഭാ നടപടികള്‍ രണ്ട് മണിക്കൂറോളം നിര്‍ത്തിവച്ചു.
പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയ്ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയ ബിജെപി സോണിയയുടെ അനുവാദത്തോടെയാവണം അജിത് ജോഗി ബിജെപി എംഎല്‍എമാരെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി.
സോണിയാഗാന്ധി ലോക്സഭയില്‍ ഹാജരായി ഈ പ്രശ്നം സംബന്ധിച്ച് പ്രസ്താവന നടത്തണമെന്ന് ബിജെപി അംഗങ്ങളായ മദല്‍ലാല്‍ ഖുരാന, വി. കെ. മല്‍ഹോത്ര തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം വിശദീകരണം നല്‍കുന്നതുവരെ ലോക്സഭാ നടപടികള്‍ തുടരുന്നതിന് അനുവദിക്കില്ലെന്ന് മല്‍ഹോത്ര പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റിന്റെ അനുമതി കൂടാതെ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ഇത്തരമൊരു ഉദ്യമത്തിന് മുതിരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോഗിയെ കെണിയിലാക്കാനുള്ള ബിജെപിയുടെ ശ്രമം ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുടെയും നിയമമന്ത്രി അരുണ്‍ ജെറ്റ്ലിയുടെയും അറിവോടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എസ്. ജയ്പാല്‍ റെഡ്ഢി പറഞ്ഞു.
നേരത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനെയും ദിലിപ് സിംഗ് ജുദേവിനെതിരായ കോഴവിവാദത്തെയും കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസുകള്‍ സ്പീക്കര്‍ മനോഹര്‍ ജോഷി തള്ളി.












Click it and Unblock the Notifications