കോണ്‍ഗ്രസ് നേതൃത്ത്വം ചര്‍ച്ച തുടരുന്നു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പ്രശ്നം പരിഹരിയ്ക്കാനായി നേതൃത്ത്വം ചര്‍ച്ച തുടരുകയാണ്. ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയുമായി അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഡിസംബര്‍ എട്ട് തിങ്കളാഴ്ച രാത്രിയും ഉമ്മന്‍ ചാണ്ടിയുമായി അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തിയേയ്ക്കും.
മുരളിയെ മാറ്റണമെന്ന നിലപാടില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും സംഘവും പിന്നാക്കം പോകില്ലെന്ന് എ ഗ്രൂപ്പ് കാര്‍ പറയുന്നു. ഇതിന് തുല്യമാണ് ഐ വിഭാഗക്കാരുടേയും നിലപാട്. ആന്റണിയെ മാറ്റാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് വീണ്ടും ഐ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ചര്‍ച്ച തുടരുന്നുണ്ടെങ്കിലും എന്തെങ്കിലും തീരുമാനം ഉണ്ടാകണമെങ്കില്‍ വീണ്ടും മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി നേതൃത്ത്വം ചര്‍ച്ച നടത്തേണ്ടതുണ്ട്. അത് ഇനി എന്തായാലും വ്യാഴാഴ്ചയ്ക്ക് ശേഷമേ നടക്കുകയുള്ളു. തിങ്കളാഴ്ച തിരുവനന്തപുരത്തേയ്ക്ക് പോയ ആന്റണി വ്യാഴാഴ്ച വീണ്ടും ദില്ലിയില്‍ എത്തും. തുടര്‍ന്ന് സോണിയയുമായി ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.
ഇപ്പോള്‍ ദില്ലിയിലെ എക്സോര്‍ട്ട്സ് ആശുപത്രിയില്‍ കഴിയുന്ന കെ. കരുണാകരനുമായും സോണിയ ചര്‍ച്ച നടത്തുമെന്ന് കരുതുന്നു. കരുണാകരന്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമായിരിയ്ക്കും ഈ ചര്‍ച്ച.
മുരളിയെ മാറ്റി കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് മറ്റൊരു ഐ വിഭാഗക്കാരനെ പ്രതിഷ്ടിയ്ക്കണമെന്നാണ് എ വിഭാഗക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിന് ഐ പക്ഷക്കാര്‍ അനുകൂലിയ്ക്കുന്നില്ല. ആന്റണി മാറണമെന്ന ഐ വിഭാഗക്കാരുടെ ആവശ്യത്തിന് തടയിടാനുള്ള എ വിഭാഗക്കാരുടെ തന്ത്രമാണ് മുരളിയെമാറ്റണമെന്ന അവരുടെ ആവശ്യമെന്നാണ് ഐ വിഭാഗക്കാര്‍ പറയുന്നത്.












Click it and Unblock the Notifications