പ്രശ്നപരിഹാരം നീണ്ടുപോയേക്കും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ദില്ലിയില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. പ്രശ്നപരിഹാരം ഇനിയും നീണ്ടുപോയേക്കുമെന്നാണ് സൂചന.
അജിത് ജോഗി പ്രശ്നവും കോണ്‍ഗ്രസ് നേതാക്കളുടെ രാജിയുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനുള്ള മുന്നിലുള്ള പ്രധാന പ്രശ്നങ്ങള്‍. അജിത് ജോഗി പ്രശ്നം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയില്‍ പ്രണബ് മുക്കര്‍ജിയും അഹമ്മദ് പട്ടേലും അംഗങ്ങളാണ്. ഇരുവരും കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രൂപീകരിച്ച സമിതിയിലും അംഗങ്ങളാണ്. ജോഗി പ്രശ്നത്തിനാണ് ഇപ്പോള്‍ പ്രാധാന്യമെന്നതിനാല്‍ ഇരുവരും അക്കാര്യത്തിലായിരിക്കും ഇനി ശ്രദ്ധിക്കുക.
മുഖ്യമന്ത്രി എ. കെ. ആന്റണി ഡിസംബര്‍ എട്ട് തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും. കെ. കരുണാകരന്‍ ചൊവാഴ്ച ആശുപത്രി വിട്ടേക്കും. വ്യാഴാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.
അഹമ്മദ് പട്ടേല്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എഐസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ എല്‍. പി. സാഹിയുമായി കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ഇതുവരെ എവിടെയുമെത്തിയിട്ടില്ല. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരം സംബന്ധിച്ച സൂചനകളൊന്നും ഹൈക്കമാന്റ് നല്‍കിയിട്ടുമില്ല.












Click it and Unblock the Notifications