കോള: അപ്പീല്‍ വാദം 17ന്
കൊച്ചി: പെരുമാട്ടി പഞ്ചായത്തിന്റെ കാരണം കാണിയ്ക്കല്‍ നോട്ടീസിനെതിരെ കൊക്കകോള കമ്പനി നല്കിയ അപ്പീലില്‍ ഡിസംബര്‍ 17ന് ഹൈക്കോടതി വാദം കേള്‍ക്കും.
കമ്പനി അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെരുമാട്ടി പഞ്ചായത്ത് അധികൃതര്‍ കൊക്കകോള കമ്പനിയ്ക്ക് നോട്ടീസയച്ചിരുന്നു. ഈ നോട്ടീസ് ജസ്റിസ് കെ. ബാലകൃഷ്ണന്‍നായര്‍ ശരിവച്ചുകൊണ്ട് നവമ്പര്‍ 14ന് വിധിയെഴുതിയിരുന്നു. ഇതിനെതിരെയാണ് കൊക്കകോള കമ്പനി അപ്പീല്‍ നല്കിയത്.
ജസ്റിസുമാരായ സിറിയക്ക് ജോസഫും കെ. പത്മനാഭന്‍നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ട് പഞ്ചായത്തിനും സര്‍ക്കാരിനും നോട്ടീസയച്ചു.
ഇതിനിടെ കൊക്കകോള കമ്പനിയുടെ പ്ലാച്ചിമട പ്ലാന്റിനെ സംബന്ധിച്ച് വിദഗ്ധസമിതിയെക്കൊണ്ട് പഠനം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കമ്പനിയ്ക്ക് പ്രവര്‍ത്തിയ്ക്കാന്‍ സര്‍ക്കാര്‍ അനുമതിയും നല്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പെരുമാട്ടി പഞ്ചായത്ത് അധികൃതര്‍ നല്കിയ മറ്റൊരു ഹര്‍ജിയില്‍ ഇതുവരെ വിധി വന്നിട്ടില്ല.
ഇക്കാര്യത്തില്‍ വിധി വന്നശേഷം കമ്പനിയുടെ അപ്പീല്‍ പരിഗണിയ്ക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അതുവരെ കമ്പനിയ്ക്കെതിരെ തല്ക്കാലം നടപടിയെടുക്കുന്നില്ലെന്ന് പെരുമാട്ടി പഞ്ചായത്ത് അധികൃതര്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications