ശബരിമല: പ്രസാദ നിര്‍മാണ ശാല മാറ്റിയേക്കും
ശബരിമല: അപ്പം-അരവണ നിര്‍മാണ ശാലയും ഡീസല്‍ ടാങ്കുകളും ട്രാന്‍സ്ഫോര്‍മറുകളും ശബരിമല ശ്രീകോവിലില്‍ നിന്ന് അകലേയ്ക്ക് മാറ്റാന്‍ ദേവസ്വം അധികൃതര്‍ ആലോചിയ്ക്കുന്നു.
സന്നിധാനത്ത് പ്രസാദം ഉണ്ടാക്കുന്ന സ്ഥലത്ത് തീപിടുത്തം ഉണ്ടായതോടെയാണ് പ്രസാദ നിര്‍മാണം ശ്രീകോവിലില്‍ നിന്ന് അകലേയ്ക്ക് മാറ്റുന്നത് ദേവസ്വം അധികൃതരുടെ പരിഗണനയില്‍ വന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ തീപിടിത്തം അപകടമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഭാവിയില്‍ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രസാദ നിര്‍മാണശാലയും ഡീസല്‍ ടാങ്കുകളും മാറ്റുന്നതാണ് നല്ലതെന്ന് ദേവസ്വത്തിന് ബോധ്യമായിട്ടുണ്ട്.
ഇപ്പോള്‍ ഇവയെല്ലാം ശ്രീകോവിലിന്റെ 10 മീറ്റര്‍ ചുറ്റളവിലാണ്. 48 വൈദ്യുത അടുപ്പുകളാണ് അപ്പം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. 160 ലക്ഷം കിലോ കലോറി ശേഷിയുള്ള അടുപ്പുകള്‍ അരവണയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഇവയില്‍ എവിടെയെങ്കിലും ഒരു ഷോട്ട് സര്‍ക്യൂട്ടുണ്ടായാല്‍ സംഭവിക്കുന്നത് വന്‍ദുരന്തമായിരിക്കും. അപ്പം-അരവണ നിര്‍മ്മാണ ജോലികള്‍ക്ക് താല്ക്കാലിക ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നതെന്നതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
പ്രസാദ നിര്‍മാണ ശാല മാറ്റുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുമ്പ് അഷ്ടമംഗല്യ പ്രശ്നത്തിലൂടെ ശ്രീ അയ്യപ്പന്റെ അനുവാദം തേടും. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് പ്രസാദം ഉണ്ടാക്കുന്നത് മലയുടെ കീഴെയാണ്.
ട്രാന്‍സ്ഫോര്‍മറുകളും പ്രസാദ നിര്‍മാണശാലയും മാറ്റുന്നതിലൂടെ സന്നിധാനത്തെ തിരയ്ക്ക് കുറയ്ക്കാനാവുമാവും. അരവണയും അപ്പവും ഉണ്ടാക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ദര്‍ശനത്തിന് ശേഷം കുറഞ്ഞ സമയം മാത്രം ഭക്തര്‍ സന്നിധാനത്ത് കഴിയുന്ന വിധത്തില്‍ സന്നിധാനത്തെ തിരയ്ക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചിച്ചുവരുന്നുണ്ട്.












Click it and Unblock the Notifications