ദീപികയുടെ കണ്ണൂരിലെ ഓഫീസ് ആക്രമിച്ചു
കണ്ണൂര്‍: ദീപിക ദിനപത്രത്തിന്റെ കണ്ണൂരിലെ ഓഫീസ് ഒരു സംഘം അക്രമികള്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു.
ഡിസംബര്‍ 10 ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് പള്ളിക്കുന്നിലെ ഓഫീസിന് നേരെ അക്രമം നടന്നത്. നമ്പര്‍ പ്ലേറ്റ് മറച്ച ഒരു ജീപ്പിലാണ് അക്രമികളെത്തിയത്. വാര്‍ത്ത കൊടുക്കാനാണെന്ന് പറഞ്ഞ് ഓഫീസില്‍ കടന്ന സംഘം തുടര്‍ന്ന് ഓഫീസ് തല്ലിത്തകര്‍ക്കുകയായിരുന്നു.
അഞ്ച് കമ്പ്യൂട്ടറുകളും ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും അക്രമികള്‍ തകര്‍ത്തു. ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരന് അക്രമികളുടെ മര്‍ദനമേറ്റു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ദീപിക പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
മാവേലിക്കരയില്‍ ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ത്തത് എന്‍ ഡി എഫുകാര്‍ ആണെന്ന വാര്‍ത്തയാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ഈ വാര്‍ത്ത വന്ന പത്രം ഉയര്‍ത്തിക്കാട്ടി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ ഇനിയും അക്രമമുണ്ടാവുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി ഓഫീസിലെ ജീവനക്കാര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ പ്രതിഷധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂരില്‍ പ്രകടനം നടത്തി. പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം സംഭവത്തെ അപലപിച്ചു.
അന്വേഷണത്തിന് ഉത്തരവിട്ടു
കണ്ണൂരിലെ ദീപിക ഓഫീസിന് നേരെ നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഡിസംബര്‍ 10 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications