കിള്ളി: എട്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: കിള്ളിയില്‍ അതിക്രമം കാണിച്ചതിന് എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടെ എട്ട് പൊലീസുകാരെ സസ്പെന്റ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുനാനിച്ചു.
ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.
പീഡനത്തിന് വിധേയരായ 17 പേര്‍ക്ക് നഷ്ടപരിഹാരമായി നാലേകാല്‍ ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇവരില്‍ നിന്ന് ഈ തുക ഈടാക്കും.
ഡിസംബര്‍ 10 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലാ എസ്പി അശോക് യാദവ്, ഡിവൈഎസ്പി യോഗേഷ്, സിഐമാരായ ജയരാജ്, രാധാകൃഷ്ണപിള്ള, എസ്ഐമാരായ മുഹമ്മദ് ഹുസൈന്‍, പ്രമോദ്കുമാര്‍, രാധാകൃഷ്ണന്‍നായര്‍, മുരളീധരന്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇവരുള്‍പ്പെടെ 45 പൊലീസുകാര്‍ക്കെതിരെ മനുഷ്യവകാശ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം അന്വേഷണം നടത്തും.
വയനാട്ടില്‍ ആദിവാസികളെ വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications