മാറാട്: സിബിഐ അന്വേഷണം വേണ്ടെന്ന് എജി
കൊച്ചി: മാറാട് കൂട്ടക്കൊലയെ കുറിച്ച് സിബിഐ അന്വേഷണത്തിന് സാധുതയില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കി.
കേസില്‍ ക്രൈെംബ്രാഞ്ച് നടത്തിയ അന്വേഷണം മതിയെന്നാണ് അഡ്വക്കറ്റ് ജനറല്‍ എം. രത്നസിംഗ് ഉപദേശം നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തായാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ ഇനി സിബിഐയെ പോലുള്ള ഏജന്‍സികളെ അന്വേഷണം ഏല്പിക്കുന്നത് നിയമാനുസൃതമായിരിക്കില്ലെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ വിലയിരുത്തല്‍.
സിബിഐ അന്വേഷണം ഭാഗികമാണെങ്കിലും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിം കോടതി വിധികളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ ബോധിപ്പിച്ചു. മാറാട് കൂട്ടക്കൊലയെ കുറിച്ച് സിബിഐ അന്വേഷണം സാധ്യമാണോയെന്ന് സര്‍ക്കാര്‍ നേരത്തെ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
തുടര്‍അന്വേഷണം ആവശ്യമാണെങ്കില്‍ അത് ക്രൈംബ്രാഞ്ച് തന്നെ ചെയ്യണം. കേസിന്റെ ഏതെങ്കിലും ഭാഗം അടര്‍ത്തിമാറ്റി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് നിയമസാധുതയില്ല. എന്നാല്‍ കേസ് അന്വേഷണവും നടപടികളും ശരിയല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്പിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.
അഡ്വക്കറ്റ് ജനറലിന്റെ ഉപദേശ പ്രകാരം മാത്രമേ സിബിഐ അന്വേഷണം നടത്താനാവൂവെന്ന് നേരത്തെ മാറാട് പ്രശ്നം ഒത്തുതീര്‍ക്കുന്ന വേളയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications