ആന്റണി ദില്ലിയ്ക്ക് തിരിച്ചു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഹൈക്കമാന്റ് നടത്തുന്ന നിര്‍ണായകമായ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 11 വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി ദില്ലിയിലേക്ക് തിരിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായും കേരളത്തിലെ പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്റ് നിയോഗിച്ച സമിതിയുമായും ആന്റണി ചര്‍ച്ച നടത്തും. പ്രണബ് മുക്കര്‍ജി, ആര്‍. കെ. ധവാന്‍, അഹമ്മദ് പട്ടേല്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
എസ്കോര്‍ട്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ. കരുണാകരനുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. കരുണാകരന്‍ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആശുപത്രി വിടുമെന്നാണ് കരുതുന്നത്.
കേരളത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമായ ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്. മുഖ്യമന്ത്രി എ. കെ. ആന്റണിയെ മാറ്റാതുള്ള ഒരു പരിഹാര നിര്‍ദേശവും സ്വീകാര്യമല്ലെന്ന് കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കെ. മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിലപാടില്‍ നിന്ന് കരുണാകര വിരുദ്ധ വിഭാഗവും പിന്നോക്കം പോയിട്ടില്ല.












Click it and Unblock the Notifications