കുടിവെള്ളം ഉറപ്പാക്കിയേ ഫാക്ടറിക്ക് അനുമതി നല്‍കാവൂ: ഹൈക്കോടതി
കൊച്ചി: വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ അവ പരിസരപ്രദേശങ്ങളിലെ കുടിവെള്ള ലഭ്യതയെ പ്രതികൂലമായി ബാധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കമ്പനികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നാട്ടുകാര്‍ക്ക് കുടിവെള്ള ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ടത്. പഞ്ചായത്ത് പോലുള്ള സമിതികള്‍ ഇക്കാര്യം ഭൂഗര്‍ഭജല വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന് ജസ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ വിധിയില്‍ അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട കക്ഷികളെയെല്ലാം കേട്ടശേഷം നിയമാനുസൃതമായ തീരുമാനം എടുക്കുന്നതിന് ഭൂഗര്‍ഭജല വകുപ്പിന്റെ റിപ്പോര്‍ട്ട് വിലയിരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.
ചോറ്റാനിക്കര പഞ്ചായത്തില്‍ സുനിതകുര്യന്‍ തോമസിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച പ്യുവര്‍ പാക്കേജ്സ് ഡ്രിങ്കിങ്ങ് വാട്ടര്‍ യൂണിറ്റിന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 18ന് ഉപാധികളോടെ പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ വ്യവസായം തുടങ്ങികഴിഞ്ഞാല്‍ പരിസരത്തെ കുടിവെള്ളം വറ്റുമെന്ന് സംശയം ഉയര്‍ന്ന് തുടര്‍ന്ന് പഞ്ചായത്ത് സമിതി നേരത്തേ നല്‍കിയ അനുമതി ഐകകണ്ഠ്യേന പഞ്ചായത്ത് റദ്ദാക്കി.
ഈ നടപടി റദ്ദാക്കാനാണ് സുനിതകുര്യന്‍ തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വ്യവസായ സ്ഥാപനം തുടങ്ങുമ്പോള്‍ പരിസ്ഥിതിക്ക് കോട്ടംതട്ടാതെ ഭൂഗര്‍ഭജലം എത്രകണ്ട് ചൂഷണം ചെയ്യാം എന്നുള്ള കാര്യം തീരുമാനിക്കേണ്ടത് വിദഗ്ദ്ധരാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരിസരപ്രദേശങ്ങളിലെ കുടിവെള്ള ലഭ്യതയെ ഈ വ്യവസായ സംരംഭം പ്രതികൂലമായി ബാധിക്കില്ലെങ്കില്‍ അതിന് തുടരാം. പക്ഷെ ഭൂഗര്‍ഭജലവകുപ്പുമായി കൂടിയാലോചിച്ച് ചോറ്റാനിക്കര പഞ്ചായത്ത് തീരുമാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഈ സാഹചര്യത്തില്‍ വ്യവസായ സംരംഭം തുടങ്ങാനുള്ള അനുമതിക്കായി ഹര്‍ജിക്കാരി നല്‍കിയിട്ടുള്ള അപേക്ഷയില്‍ പഞ്ചായത്ത് പുതുതായി തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.


Click it and Unblock the Notifications