നീലനെതിരായ കേസില്‍ വിചാരണ തുടങ്ങി
കോഴിക്കോട്: മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ കോഴിക്കോട് നോര്‍ത്ത് ഡിഎഫ്ഒ ആയിരുന്ന പ്രകൃതി ശ്രീവാസ്തവയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ തുടങ്ങി.
അടച്ചിട്ട മുറിയില്‍ രഹസ്യസ്വഭാവത്തോടെയാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഡിസംബര്‍ 10 ബുധനാഴ്ച പ്രകൃതി ശ്രീവാസ്തവയെ വിചാരണ ചെയ്തു.
1998 ഫിബ്രവരി 27ന് നീലലോഹിതദാസന്‍ നാടാര്‍ വനംമന്ത്രിയായിരിക്കുമ്പോള്‍ കോഴിക്കോട് ഗസ്റ് ഹൗസില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പ്രകൃതി ശ്രീവാസ്തവയുടെ പരാതി. ഔദ്യോഗികചര്‍ച്ചയ്ക്കായി ഗസ്റ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ച നാടാര്‍ മറ്റുള്ളവര്‍ ചര്‍ച്ച കഴിഞ്ഞ് പോയതിന് ശേഷം ഇറങ്ങാനായി എണീറ്റ തന്നെ കയറിപ്പിടിച്ചുവെന്നാണ് പ്രകൃതി ശ്രീവാസ്തവയുടെ പരാതിയില്‍ പറയുന്നത്.
സിറ്റി പൊലീസ് കമ്മിഷറെയും വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന സുഗതകുമാരിയെയും ഇക്കാര്യം ധരിപ്പിച്ചിരുന്നു. കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ എങ്ങനെയാണ് പ്രശ്നം കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാത്തതു കൊണ്ടാണ് രേഖാമൂലം പരാതി നല്‍കാതിരുന്നതെന്നാണ് ശ്രീവാസ്തവയുടെ മൊഴി.
സംഭവം വിവാദമായതിന് ശേഷമാണ് പ്രകൃതി ശ്രീവാസ്തവ ഡിജിപിക്ക് പരാതി നല്‍കിയത്. കേസിന്മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.












Click it and Unblock the Notifications